kv

ആലുവ: ഇന്ത്യൻ കമ്മോഡിറ്രി എക്‌സ്‌ചേഞ്ചിൽ കുരുമുളകിന്റെ അന്തർദേശീയ അവധി വ്യാപാരം പുനരാരംഭിച്ചു. ഗുണനിലവാര പരിശോധനയിൽ വ്യക്തമായ മാനദണ്ഡങ്ങളില്ലാത്തതിനാൽ 2014ൽ നിറുത്തിവച്ച വ്യാപാരമാണ് വീണ്ടും തുടങ്ങിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഗുണനിലവാരമുള്ള കുരുമുളകിന്റെ സംഭരണവും നിയോജൻ ഇന്ത്യ ലിമിറ്റഡ് ഗുണനിലവാര പരിശോധനയും ഏറ്റെടുത്തതോടെയാണ് അവധി വ്യാപാരം വീണ്ടും തുടങ്ങുന്നത്.

കുരുമുളകിന്റെ വിലസ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കാൻ അവധി വ്യാപാരം സഹായിക്കും. ദിവസേന 100 കോടി രൂപയുടെയും പ്രതിവർഷം 10,000 ടണ്ണിന്റെയും വ്യാപാരമാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിലെ ഇന്ത്യൻ പെപ്പർ ആൻഡ് സ്‌പൈസസ് ട്രേഡ് അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്‌ടർ കെ.വി. പ്രദീപ് കുമാർ വ്യാപാരത്തിനുള്ള ആദ്യ ഓഫർ സ്വീകരിച്ചു. ഐ.സി.ഇ.എക്‌സ് സി.ഇ.ഒ സഞ്ജിത്ത് പ്രസാദ്, നിയോജൻ ഇന്ത്യ ലിമിറ്റഡ് ഡയറക്‌ടർ വി.എം. ഉണ്ണികൃഷ്ണൻ, സി.ഡബ്ള്യു.സി റീജിയണൽ മാനേജർ പി.ആർ.കെ. നായർ, എ. മൻസൂർ, അരവിന്ദ് ഷാ, അനീഷ് കുമാർ എന്നിവർ സംസാരിച്ചു.

 ഫോട്ടോ:

കുരുമുളകിന്റെ അവധി വ്യാപാരം കൊച്ചിയിലെ ഇന്ത്യൻ പെപ്പർ ആൻഡ് സ്‌പൈസസ് ട്രേഡ് അസോസിയേഷൻ ആസ്ഥാനത്ത് സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഡയറക്‌ടർ കെ.വി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു