തൃക്കാക്കര : കാക്കനാട്ടേക്കുള്ള സിവിൽലൈൻ റോഡിൽ ചെമ്പുമുക്ക് സെന്റ് മൈക്കിൾ പള്ളിക്ക് എതിർവശത്തെ റോഡ് പുറമ്പോക്ക് കൈയേറ്റത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്. മൂന്ന് സെന്റ് സ്ഥലം ഇരുമ്പുപൈപ്പുകൾ കൊണ്ട് ഭംഗിയായി വേലികെട്ടിത്തിരിച്ചാണ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെ.എൽ.സി.എ) പേരിൽ കൊടിമരം നാട്ടിയത്.
കൈയേറ്റങ്ങൾ ഉടൻ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യ വേദി മുൻസിപ്പൽ പ്രസിഡന്റ് ശശിയാണ് ഇന്നലെ പൊതുമരാമത്തു റോഡ് ഡിവിഷൻ എൻജിനിയർക്ക് പരാതി നൽകിയത്. വർഷങ്ങൾക്ക് മുമ്പ് ഇതേ രീതിയിൽ സർക്കാർ ഭൂമി കൈയേറി പാടിവട്ടം ബസ് സ്റ്റോപ്പിനോട് ചേർന്ന് കപ്പേള നിർമ്മിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. കൈയേറ്റം ഉടൻ പൊളിച്ചുനീക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
ചെമ്പുമുക്കിലെ റോഡ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് ഇതിനോട് ചേർന്ന പുറമ്പോക്ക് ഭൂമി ബി.ഡി.ജെ.എസും വേലികെട്ടി കൊടിനാട്ടി ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമിയുടെയും ചിത്രങ്ങളും ബോർഡും സ്ഥാപിച്ചിരുന്നു.
കൊടികൾ നീക്കം ചെയ്യും
കൈയേറ്റ സ്ഥലത്തെ വിവിധ സംഘടനകളുടെ കൊടിതോരണങ്ങൾ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് റോഡരികിൽ ചവറുകൾ നിക്ഷേപിക്കുന്നത് തടയാനായി വേലികെട്ടി തിരിച്ചതാകാമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ബോർഡ് സ്ഥാപിക്കും. ഈ പ്രദേശം മാലിന്യ നിക്ഷേപമില്ലാതെ സംരക്ഷിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു സംഘടനകളുടെ കത്ത് ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പരിഗണിക്കും.
എം.ടി. ഷാബു, എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്