labour
അങ്കമാലി നഗരത്തിൽ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന അനധികൃത തൊഴിലാളി ക്യാമ്പ്

അങ്കമാലി : അങ്കമാലി മേഖലയിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളായി മാറുന്നു. പട്ടണത്തിലെ വ്യാപാര സമുച്ചയങ്ങളുടെ മുകളിലും ചമ്പന്നൂർ വ്യവസായ മേഖലയിലെ കമ്പനികളിലെ വരാന്തകളിലുമാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. തീർത്തും വൃത്തിയില്ലാത്ത അന്തരീക്ഷമാണ് ഇവിടെ. മാലിന്യം പൊതുസ്ഥലത്തേക്ക് വലിച്ചെറിയുന്നത് പകർച്ചാവ്യാധി ഭീഷണി ഉണ്ടാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലാതെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
ഇരുമ്പ് ഷീറ്റ് മേൽക്കൂര,
ഫ്‌ളക്‌സ്‌ബോർഡ്മതിൽ
അങ്കമാലിയിലെ വ്യാപാര സമുച്ചയങ്ങളുടെ മുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെ മുകളിൽ ഇരുമ്പുഷീറ്റും വശങ്ങളിൽ ഫ്‌ളക്‌സ്‌ബോർഡുകളുമാണ് .വ്യാപാര സമുച്ചയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന മുറികളിലും രാത്രിയിൽ താമസ സൗകര്യമൊരുക്കുന്നു. വ്യാപാര സമുച്ചയങ്ങളിലെ ശൗചാലയമാണ് ഇവർ ഉപയോഗിക്കുന്നത്. അങ്കമാലി നഗരസഭയിലെ ചമ്പന്നൂർ വ്യവസായ മേഖലയിലും അനധികൃത തൊഴിലാളി ക്യാമ്പുകൾ സജീവമാണ് . വ്യവസായ മേഖലകളിലെ ചെറുതും വലുതുമായ നൂറോളം കമ്പനികളിലെ അന്യ സംസ്ഥാന തൊഴിലാളികളും ദൂരദേശങ്ങളിൽ നിന്നുള്ള മലയാളികളുമാണ് ഇവിടെ താമസിക്കുന്നത്. ജോലിയോടൊപ്പം താമസ സൗകര്യവും നൽകുന്നതിനാൽ ജോലിക്കാർക്ക് അവധി നൽകാറില്ല. കമ്പനികളിൽ ജോലിക്കാരെ താമസിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇതെല്ലം കാറ്റിൽ പറത്തിയാണ് തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കുന്നത്.
റോഡിലും പറമ്പിലും മാലിന്യം
ചമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ മതിൽക്കെട്ടിനുള്ളിലേക്കാണ് ഇക്കൂട്ടർ മാലിന്യം വലിച്ചെറിയുന്നത്. ഈ പറമ്പിലും പറമ്പിനോട് ചേർന്നുള്ള റോഡരികിലും മാലിന്യക്കൂമ്പാരം കാണാം. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭാ കൗൺസിലർ അഡ്വ.സാജി ജോസഫിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണ്. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പന്തക്കൽ,പാലിശേരി,തുറവൂർ ,കരയാംപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലും അനധികൃത താമസക്കാരുണ്ട്. ഇവിടെ രണ്ടോ മൂന്നോ പേർക്ക് മാത്രം താമസിക്കാൻ സൗകര്യമുള്ള ഓരോ മുറികളിലും പത്തിലേറെ പേരാണ് താമസിക്കുന്നത്. ഇവരുടെ പാചകവും ഇവിടെത്തന്നെയാണ്. കാലവർഷം ആരംഭിക്കുന്നതിന് മുൻപേ അനധികൃത താമസ സ്ഥലങ്ങളിൽ പരിശോധന നടത്തി സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകണമെന്നും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുംആവശ്യമുയർന്നു.