road
പിറവം നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് നിവേദനം നൽകുന്നു

പിറവം : നഗരസഭയിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്ന് റവന്യൂവകുപ്പ് 12 ലക്ഷം രൂപ അനുവദിച്ചു. നഗരസഭയിലെ സി.പി.ഐ പാർലമെന്ററി പാർട്ടി ലീഡർ ബെന്നി വി വർഗീസിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, സോജൻ ജോർജ് എന്നിവർ മന്ത്രി ഈ ചന്ദ്രശേഖരന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

ഇരുപത്തിയേഴാം ഡിവിഷനിലെ പാഴൂർ അമ്പലപ്പടി തൂക്കുപാലം മാമലക്കവല കടവ് റോഡിന് 7 ലക്ഷവും, പതിനഞ്ചാം ഡിവിഷനിലെ എരപ്പാൻകുഴി ഇടപ്പള്ളിചിറ റോഡിന് 5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിലേക്ക് പടിഞ്ഞാറ് ഭാഗത്തു നിന്നുള്ള ഏറ്റവും സുഗമമായ പാതയാണ് മാമലക്കവല തൂക്കുപാലം റോഡ്. തൂക്കുപാലത്തിലേക്കുള്ള കക്കാട് നിവാസികളുടെ പ്രധാന ആശ്രയവുമായ ഈ മൺപാത നവീകരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.