കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയടക്കമുള്ളവർക്കെതിരെ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നിലവിലുള്ള കേസിലെ തുടർ നടപടികൾ എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ.
ഭൂമി വിറ്റതിൽ ക്രമക്കേടുണ്ടെന്നും സഭക്ക് കോടികളുടെ നഷ്ടമുണ്ടെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസ് നൽകിയ പരാതിയിൽ കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, സഭയുടെ മുൻ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ, ഇടനിലക്കാരനായ സാജു വർഗീസ് എന്നിവർക്കെതിരെ കോടതി കേസെടുത്തത്. വിശ്വാസ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയവയാണ് കുറ്റങ്ങൾ. കർദ്ദിനാൾ ഇന്ന് ഹാജരാകാനും കോടതി സമൻസ് നൽകിയിരുന്നു.
ഇതിനെതിരെ കർദ്ദിനാൾ നൽകിയ ക്രിമിനൽ റിവിഷൻ ഹർജിയിലാണ് സ്റ്റേ. കേസിലെ എല്ലാ രേഖകളും ജില്ലാ കോടതിയിലേക്ക് മാറ്റാനും ഇടക്കാല ഉത്തരവിൽ പറയുന്നു. പരാതിക്കാരനായ ജോഷി വർഗീസിന് ആക്ഷേപമോ വാദമോ ഉന്നയിക്കാനുണ്ടെങ്കിൽ ജൂൺ 18 നകം സമർപ്പിക്കണം. ഹർജി ജൂൺ 18 ന് വീണ്ടും പരിഗണിക്കും. കാക്കനാട്ടെ 60 സെന്റ് ഭൂമി സാജു വർഗീസിനു വിറ്റതാണ് കേസിനാധാരം. രജിസ്ട്രേഷൻ കഴിഞ്ഞും പണം സഭയുടെ അക്കൗണ്ടിൽ എത്തിയില്ല.
ഫാ. ആന്റണി കല്ലൂക്കാരനെ പ്രതി ചേർത്തു
കർദ്ദിനാളിനെ സമൂഹ മദ്ധ്യത്തിൽ അപമാനിക്കാനായി വൈദികരടക്കമുള്ള പ്രതികൾ വ്യാജ രേഖ ചമച്ചെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ കോന്തുരുത്തി സ്വദേശി ആദിത്യയുടെ റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളുടെ അക്കൗണ്ടിലേക്ക് കർദ്ദിനാളിന്റെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ കൈമാറിയെന്ന് വ്യാജരേഖകളിലുണ്ട്.
ഫാ. പോൾ തേലക്കാട്ട് ഒന്നാം പ്രതിയായ കേസിൽ കർദ്ദിനാളിന്റെ മുൻ സെക്രട്ടറിയായ ഫാ. ആന്റണി കല്ലൂക്കാരനെ നാലാം പ്രതിയാക്കി. ആദിത്യയുടെ മെയിലിൽ നിന്നാണ് വ്യാജരേഖ പോൾ തേലക്കാട്ടിന് അയച്ചത്. ആദിത്യ വ്യാജരേഖകൾ ഉണ്ടാക്കാൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കമ്പ്യൂട്ടർ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യാൻ ഇയാളെ മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
കുറ്റം സമ്മതിപ്പിക്കാൻ പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ആദിത്യ കാക്കനാട് മജിസ്ട്രേട്ട് മുമ്പാകെ മൊഴി നൽകി. പൊലീസ് ഉള്ളംകാലിൽ അടിച്ചെന്നും ഫാ. ആന്റണി കല്ലൂക്കാരന്റെ പേരു പറയാൻ നിർബന്ധിച്ചെന്നുമാണ് ആദിത്യന്റെ മൊഴി. ജാമ്യ ഹർജിയിൽ കോടതി ഇന്നു വാദം കേൾക്കും.