panamb
പനമ്പിള്ളി നഗർ

 രണ്ടാഴ്ചയ്ക്കകം ഉത്തരവു നടപ്പാക്കി റിപ്പോർട്ട് നൽകണം

കൊച്ചി : പനമ്പിള്ളിനഗറിലെ നിയമാനുസൃത ഡി ആൻഡ് ഒ ലൈസൻസില്ലാത്ത 11 വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ കൊച്ചി കോർപ്പറേഷന് ഹൈക്കോടതി ഉത്തരവ് നൽകി. രണ്ടാഴ്‌ചയ്‌ക്കകം ഉത്തരവു നടപ്പാക്കി കോർപ്പറേഷൻ സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. പനമ്പിള്ളിനഗർ പാർപ്പിട മേഖലയിൽ ഡി. ആൻഡ് ഒ ലൈസൻസ് ആവശ്യമുള്ള സ്ഥപനങ്ങൾ അനുവദിക്കരുതെന്ന മുൻ ഉത്തരവ് കൊച്ചി കോർപ്പറേഷൻ പാലിച്ചില്ലെന്നാരോപിച്ച് പ്രദേശവാസിയായ ശോഭ രാമചന്ദ്രൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജൂൺ 13 ന് ഹർജി വീണ്ടും പരിഗണിക്കും.

പനമ്പിള്ളിനഗർ പാർപ്പിട മേഖലയാണെന്നും ഇവിടെ വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി നൽകരുതെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാരി നൽകിയ ഹർജിയിൽ ഇൗ മേഖല ഉൾപ്പെടുന്ന എളംകുളം വെസ്റ്റ് ടൗൺ പ്ളാനിംഗ് സ്കീമിന്റെ കീഴിലുള്ള മേഖലകളിൽ ഡി. ആൻഡ് ഒ ലൈസൻസ് നൽകരുതെന്ന് ഫെബ്രുവരി നാലിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനിടെ സർക്കാർ പനമ്പിള്ളിനഗർ മേഖലയെ മിക്സഡ് സോണാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതു പ്രകാരമുള്ള പുതിയ ലൈസൻസ് ലഭിക്കാത്തിടത്തോളം കാലം പഴയ ലൈസൻസിൽ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനാവില്ലെന്ന് കോടതി വീണ്ടും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് 11 സ്ഥാപനങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചത്. പാർപ്പിട മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നേരത്തെ ചില വ്യാപാരികൾ അപ്പീൽ നൽകിയിരുന്നെങ്കിലും സ്റ്റേ അനുവദിച്ചില്ലെന്നും അപ്പീലുകൾ ഫയലിൽ സ്വീകരിച്ചിട്ടില്ലെന്നും ശോഭ രാമചന്ദ്രൻ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

 അടച്ചു പൂട്ടേണ്ട സ്ഥാപനങ്ങൾ

നീലിമ /ഹൊറൈസൺ, പെപ്പർ ഫ്രൈ സ്റ്റുഡിയോ, കരാടൻ ലാൻഡ്സ്, സ്റ്റുഡിയോ വി, ഹനീഫാസ്, മത്തായി മക്കൾ, ഫാക്ടറി ഒൗട്ട്ലെറ്റ്, ഫോർ പ്ളേ, ലാസി ഡേ, എം. ഡിസൈൻസ്, ഹൈഡ്രോകാർബൺ