കൊച്ചി : കൈവിട്ടുപോയ കോട്ട തിരിച്ചുപിടിക്കുകയെന്ന ദൗത്യത്തിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് ഉജ്വലവിജയം. രാഷ്ട്രീയ സാദ്ധ്യതകളും സാമുദായിക സമവാക്യങ്ങളും സിറ്റിംഗ് എം.പിയോട് ജനങ്ങൾക്കുണ്ടായ എതിർപ്പും ബെന്നിയുടെ വിജയം എളുപ്പമാക്കി.

ലീഡർ കെ. കരുണാകരൻ ഉൾപ്പെടെ യു.ഡി.എഫ് നേതാക്കളെ ബഹുഭൂരിപക്ഷം തിരഞ്ഞെടുപ്പുകളിലും വിജയിപ്പിച്ച പാരമ്പര്യമാണ് പഴയ മുകുന്ദപുരമെന്ന ഇപ്പോഴത്തെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്. 11 ൽ ഒമ്പത് തിരഞ്ഞെടുപ്പിലും യു.ഡി.എഫാണ് വിജയിച്ചത്. സിറ്റിംഗ് എം.പിയായിരുന്ന കെ.പി. ധനപാലനെ തൃശൂരിലേയ്ക്ക് മാറ്റിയതിന് കോൺഗ്രസിൽ രൂപപ്പെട്ട കലഹവും സിനിമാതാരം ഇന്നസെന്റ് സ്ഥാനാർത്ഥിയായതുമാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിന്റെ വിജയത്തിന് വഴിതെളിച്ചത്.

കോൺഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോന്റെ തട്ടകമാണ് ചാലക്കുടി. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നിയമസഭാ മണ്ഡലമായ മാള ഉൾപ്പെട്ടതാണ് പഴയ മുകുന്ദപുരം ലോക്‌സഭാ മണ്ഡലം. എന്നാൽ, കെ. കരുണാകരന്റെ പൈതൃകം അവകാശപ്പെട്ടെത്തിയ മകൾ പത്മജ വേണുഗോപാലിനെ മുകുന്ദപുരം തോല്പിച്ച് തിരിച്ചടിച്ചിട്ടുമുണ്ട്. ലോനപ്പൻ നമ്പാടനോടാണ് 2004 ൽ പത്മജ തോറ്റത്. ലോനപ്പൻ നമ്പാടൻ, ഇ. ബാലാനന്ദൻ, ഇന്നസെന്റ് എന്നിവരുടെ വ്യക്തിപ്രഭാവമാണ് മൂന്നു തവണ എൽ.ഡി.എഫിന് വിജയം സമ്മാനിച്ചത്.

കോൺഗ്രസിനുള്ളിലെ കലഹമായിരുന്നു കഴിഞ്ഞ തവണ പി.സി. ചാക്കോയുടെ തോൽവിക്ക് കാരണമായതെന്ന് നേതാക്കൾ തന്നെ വിലയിരുത്തുന്നു.

ഇക്കുറി ചാലക്കുടി തിരിച്ചുപിടിക്കുക കോൺഗ്രസിന് അഭിമാന പ്രശ്നമായിരുന്നു.

എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട്, തൃശൂർ ജില്ലയിലെ ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം.


# ചാലക്കുടിയിലെ വിജയികൾ

2014 : ഇന്നസെന്റ് (എൽ.ഡി.എഫ്)

2009 : കെ.പി. ധനപാലൻ (കോൺഗ്രസ് )

# മുകുന്ദപുരത്തെ വിജയികൾ

2004 : ലോനപ്പൻ നമ്പാടൻ (സി.പി.എം)

1999 : കെ. കരുണാകരൻ (കോൺഗ്രസ്)

1998 : എ.സി. ജോസ് (കോൺഗ്രസ്)

1996 : പി.സി. ചാക്കോ (കോൺഗ്രസ്)

1991 : സാവിത്രി ലക്ഷ്‌മണൻ (കോൺഗ്രസ്)

1989 : സാവിത്രി ലക്ഷ‌്മണൻ (കോൺഗ്രസ്)

1984 : കെ. മോഹൻദാസ് (കേരള കോൺഗ്രസ്(ജോസഫ്)

1980 : ഇ. ബാലാനന്ദൻ (സി.പി.എം.)

1977 : എ.സി. ജോർജ് (കോൺഗ്രസ്)