കൊച്ചി : ഒരു മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ പുറത്തുവന്ന എക്സിറ്റ് പോളുകൾ ഉയർത്തിയ നെഞ്ചിടിപ്പിനും ആകാംഷയ്ക്കും അന്ത്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജനങ്ങൾ വിധിയെഴുതിയ വിജയികളെ ഉച്ചയ്ക്ക് മുമ്പ് വ്യക്തമാകും. വിവി പാറ്റുകളിലെ വോട്ടുകളും എണ്ണുന്നതിനാൽ ഫലപ്രഖ്യാപനം വൈകിട്ട് നാലു വരെ നീണ്ടേക്കാം.

ചാലക്കുടി എണ്ണുന്നത് കളമശേരിയിൽ

എറണാകുളം കുസാറ്റിൽ

ചാലക്കുടിയിലെ വോട്ടുകൾ കളമശേരി ഗവ. പോളി ടെക്‌നിക് കോളേജിൽ

എറണാകുളത്തെ വോട്ടുകൾ കൊച്ചി സർവകലാശാല കാമ്പസിലെ സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് ബ്ലോക്കിൽ

പിറവം നിയമസഭാ മണ്ഡലം ഉൾപ്പെട്ട കോട്ടയത്തെ വോട്ടുകൾ കോട്ടയത്ത് എണ്ണും.

മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ട ഇടുക്കിയിലേത് ഇടുക്കിയിലുമാണ് എണ്ണുന്നത്.

തുടക്കം എട്ടോടെ

വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ

ലീഡ് നില സംബന്ധിച്ച ആദ്യസൂചനകൾ പുറത്തുവിടും. 11.30 ന് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തീരുമെന്നാണ് പ്രതീക്ഷ.

വോട്ടിംഗ് യന്ത്രങ്ങൾ രാവിലെ ഏഴിന് സ്‌ട്രോംഗ് റൂമിൽ നിന്ന് നിയമസഭാ മണ്ഡലങ്ങൾക്ക് നിശ്ചയിച്ച എണ്ണൽ ഹാളിലേയ്ക്കു മാറ്റും. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, നിരീക്ഷകൻ, പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യന്ത്രങ്ങൾ പുറത്തെടുക്കും.

12 വീതം മേശകൾ

12 വീതം യന്ത്രങ്ങളാണ് ഓരോ റൗണ്ടിലും എണ്ണുക. 12 മേശയ്ക്കു ചുറ്റും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും അസിസ്റ്റന്റും മൈക്രോ ഒബ്‌സർവറും ഉണ്ടാകും. ഓരോ റൗണ്ടും എണ്ണിത്തീരാൻ 30 മുതൽ 35 മിനിറ്റുവരെ എടുത്തേക്കും.

വിവിപാറ്റ് എണ്ണാൻ അഞ്ചു മണിക്കൂർ

യന്ത്രങ്ങളിലെ വോട്ടെണ്ണിയാൽ വിവി പാറ്റുകളിലെ വോട്ടെണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ചു വീതം വിവിപാറ്റ് വോട്ടുകൾ എണ്ണും. ഇത് പൂർത്തിയാകാൻ അഞ്ചു മണിക്കൂർ വേണ്ടിവരും.

കൗണ്ടിംഗ് ഹാളിനകത്ത് തന്നെയുള്ള മേശകളിലൊന്ന് വിവിപാറ്റ് കൗണ്ടിംഗ് ബൂത്തായി (വിസിബി) ക്രമീകരിക്കും.

എണ്ണൽ ഇങ്ങനെ

വോട്ടെണ്ണലിന് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റ് മാത്രം മതി. നിരീക്ഷകർക്കും ഉദ്യോഗസ്ഥർക്കും പുറമെ പാർട്ടി പ്രതിനിധികളും സാക്ഷികളാകും.

എണ്ണൽ കേന്ദ്രത്തിൽ രണ്ട് കമ്പ്യൂട്ടറുകളുണ്ട്. ഇതിൽ സുവിധ ആപ്പിലേക്കുള്ള ഡേറ്റ എൻട്രിയും എക്‌സൽ ഷീറ്റ് തയാറാക്കലും നടത്തും. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ കമ്പ്യൂട്ടറുകളിൽ സജ്ജമാക്കി. റൗണ്ട് തിരിച്ചുള്ള വിവരങ്ങൾ അഞ്ചു മിനിറ്റ് ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യും.



പ്രവേശനത്തിന് നിയന്ത്രണം

വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, ചീഫ് കൗണ്ടിംഗ് ഏജന്റ്, തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിപത്രം ലഭിച്ച മാദ്ധ്യമപ്രവർത്തകർ എന്നിവർക്കു മാത്രമാണ് പ്രവേശനം. പൊലീസുകാർക്കും പ്രവേശനമില്ല.

കനത്ത സുരക്ഷ

രണ്ടു വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും മൂന്നു തലത്തിൽ സുരക്ഷ ഒരുക്കി. പൊതുവായ സുരക്ഷ സംസ്ഥാന പൊലീസും കേന്ദ്രത്തിന്റെ സുരക്ഷ സായുധ പൊലീസും കൺട്രോൾ റൂമുകളുടെ സുരക്ഷ കേന്ദ്ര പൊലീസ് സേനയുമാണ് വഹിക്കുന്നത്.

ലീഡ് അറിയാൻ

വെബ്സൈറ്റ് : results.eci.gov.in

ആപ്പ് : വോട്ടർ ഹെൽപ്പ്ലൈൻ