മുവാറ്റുപുഴ: എം.സി റോഡിന്റെ സൈഡിൽ ഒരേക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന പുരാതനവും വലിപ്പമേറിയതുമായ പള്ളിച്ചിറങ്ങരചിറ കാടുകയറി നശിക്കുന്നു. ചിറയിലെ വെള്ളത്തിൽ മാലിന്യം നിറഞ്ഞതിനാൽ ഉപയോഗിക്കുവാൻ കഴിയാതായി. പള്ളിച്ചിറങ്ങര ചിറയിൽ എക്കാലവും നീരൊഴുക്കുള്ളതിനാൽ കടുത്ത വേനലിലും ജലസമൃദ്ധമാണ്. എന്നാൽ യഥാസമയം സംരക്ഷിക്കപ്പെടാത്തതിനാൽ ചിറയിൽ മാലിന്യം അടിഞ്ഞുകൂടിയതോടെ ഇവിടെ കുളിക്കുന്നവരുടെ ശരീരം ചൊറിഞ്ഞ് തടിക്കുന്നു.
ചിറയ്ക്കരികിലുള്ള റോഡിലൂടെ പോകുന്ന വഴിയാത്രക്കാരും വാഹനയാത്രക്കാരും പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളുമുൾപ്പെടെ ചിറയിലേക്ക് വലിച്ചെറിയുന്നത് പതിവാക്കിയിട്ടുണ്ട്. ചിറയിൽ പലയിടങ്ങളിലായി മാലിന്യങ്ങൾ ചിതറിക്കിടക്കുകയാണ്. പള്ളിച്ചിറങ്ങര ദേവീ ക്ഷേത്രവും മുസ്ലീം പള്ളിയും ചിറയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ജനസാന്ദ്രതയേറിയ പ്രദേശമായതിനാൽ രാവിലെയും വൈകിട്ടും നിരവധി പേർ ഇവിടെ കുളിക്കുവാനെത്തിയിരുന്നതാണ്. വെള്ളം മലിനമായതോടെ ആരും ചിറയിലിറങ്ങാതായി. പള്ളിച്ചിറങ്ങരയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനുമുള്ള ഏക ആശ്രയമായിരുന്നു ഇവിടം. വെള്ളം മലിനമായതോടെ ഇവരും ചിറയെ ഉപേക്ഷിച്ചു.
പഞ്ചായത്തിന്റെ പിടിപ്പുകേട്
പായിപ്ര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ചിറ യഥാ സമയം സംരക്ഷിക്കേണ്ട ബാദ്ധ്യത പായിപ്ര ഗ്രാമ പഞ്ചായത്തിനാണ്. എന്നാൽ പഞ്ചായത്ത് ഭരണസമിതി ഈ കാര്യത്തിൽ താത്പര്യമെടുക്കാത്തതതാണ് ചിറ മലിനമാകുവാൻ കാരണമായതെന്നാണ് ആക്ഷേപം. ചിറ വീണ്ടെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ രംഗത്തെത്തി. വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സഹായ വാഗ്ദാനവുമായി രംഗത്തുവന്നിട്ടുണ്ട്. ചിറ നവീകരിച്ച് ജനങ്ങൾക്ക് ഉപയോഗപ്പെടുന്ന രീതിയിൽ സംരക്ഷിക്കണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.