കൊച്ചി: പതിനഞ്ച് മീറ്ററിൽ താഴെ ഉയരവും ആയിരം സ്‌ക്വയർ തറ വിസ്തീർണവുമുള്ള കെട്ടിടങ്ങൾക്ക് ഫയർ സെക്യൂരിറ്റി ആവശ്യമില്ലെന്ന നിയമം അപകടം വിളിച്ചുവരുത്തുന്നതാണെന്ന് ഫയർ സെക്യൂരിറ്റി അസോസിയേഷൻ ( എഫ്.സി.എ )കേരള ഘടകം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ നിയമപ്രകാരം പൗരന്റെ സ്വത്തിനും ജീവനും സുരക്ഷിതത്വമില്ലാതാകുകയാണ്. തിരുവനന്തപുരം പവർഹൗസ് റോഡിലെ കെട്ടിടത്തിലേയും എറണാകുളത്തെ ചെരുപ്പ് നിർമാണ കമ്പനി യൂണിറ്റിലേയുംതീപിടിത്തങ്ങൾ ഈ തരത്തിൽ കാണേണ്ടതാണ്. ഈ സന്ദർഭങ്ങളിലെ വിഷമയമായ വായു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. ഒരു അഗ്നിബാധയുണ്ടായാലുള്ള നഷ്ടം കോടികളാണ്. ഇത് വഹിക്കുവാൻ സർക്കാർ തയ്യാറാകുമോ . അഗ്നി സുരക്ഷയെക്കുറിച്ച് സ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് ആവശ്യമായ അറിവ് നൽകേണ്ടതുണ്ട്. എഫ്.സി.എ കേരള ഘടകം പ്രസിഡൻറ് അലക്‌സ് സിറിയക്, സെക്രട്ടറി എം. രഞ്ജിത്ത്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ടോണി ജോസഫ്, ജോണി മാത്യു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.