കൊച്ചി: കോർപ്പറേഷൻ പരിധിയിൽ വീടു പണി പൂർത്തിയാക്കിയവർ മഴക്കാലത്തിന് മുമ്പായി വൈദ്യുതി, വാട്ടർ കണക്ഷൻ എടുക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. കണക്ഷൻ കിട്ടണമെങ്കിൽ വീട് നമ്പർ കൂടിയേതീരൂ. എന്നാൽ കോർപ്പറേഷൻ ഓഫീസിലെ ഇ - ഗവേണൻസ് സംവിധാനം ആകെ തകരാറിലായതിനാൽ വീട്ടുനമ്പർ നൽകാൻ കോർപ്പറേഷൻ അധികൃതർക്ക് കഴിയുന്നില്ല. കാര്യങ്ങൾ എന്നു ശരിയാകുമെന്ന ചോദ്യത്തിന് കൈമലർത്തലാണ് ഉത്തരം. ഓൺലൈൻ തകരാറിനെ തുടർന്ന് റവന്യു, ടൗൺപ്ളാനിംഗ് വിഭാഗത്തിലെ ഫയലുകൾ ഒച്ചിഴയുന്ന വേഗതയിലാണ്. ആശുപത്രി അധികൃതർ കോർപ്പറേഷൻ ഓഫീസിലെത്തി ജനന, മരണ വിവരങ്ങൾ എഴുതി നൽകേണ്ട ഗതികേടിലാണ്. ബിൽഡിംഗ് പെർമിറ്റ് വിതരണവും മുടങ്ങി

ഓൺലൈൻ സംവിധാനത്തിന്റെ ചുമതല ഏറ്റെടുത്ത ടി.സി.എസ് ( ടാറ്റ കൺസൾട്ടൻസി സർവീസ് ) രണ്ടു മാസം മുമ്പ് മുന്നറിയിപ്പില്ലാതെ സർവർ ഒഫ് ചെയ്തതോടെയാണ് ജനന, മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ നിലച്ചത്. പ്രശ്നം പരിഹരിക്കുന്നതിനായി സർക്കാരിന്റെ നിർദേശപ്രകാരം കഴിഞ്ഞ 15 ന് മേയറുടെ അദ്ധ്യക്ഷതയിൽ ടി.സി.എസിന്റെയും ഐ.ടി വിദഗ്‌ദ്ധരുടെയും യോഗം ചേർന്നുവെങ്കിലും പരിഹാരമായില്ല.

രണ്ടു ദിവസത്തിനകം തങ്ങളുടെ ജീവനക്കാർ ഓഫീസിലെത്തുമെന്ന് യോഗത്തിൽ ഉറപ്പു നൽകിയെങ്കിലും സെർവർ ഓണാക്കിയതല്ലാതെ ടി.സി.എസിന്റെ ഉദ്യോഗസ്ഥർ ആരും കോർപ്പറേഷനിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ജനന, മരണ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്താൻ അതിനാൽത്തന്നെ സാധിക്കുന്നില്ല. കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഫോൺ ചെയ്താൽ ടി.സി.എസ് അധികൃതർ ഫോൺ എടുക്കുന്നില്ലെന്നും പരാതിയുണ്ട്.

# നഗരവാസി​കൾ വലയുന്നു

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൊച്ചി നഗരസഭ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലും ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) എന്ന സ്ഥാപനമാണ് ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നത്. 2011 ലാണ് ഐ.കെ.എമ്മിനെ ഒഴിവാക്കി ടി.സി.എസിനെ തിരഞ്ഞെടുത്തത്. എന്നാൽ 2019 ആയിട്ടും പദ്ധതി പൂർത്തിയാക്കാൻ ഈ സ്ഥാപനത്തിനായിട്ടില്ല. 54 ആഴ്ചകൊണ്ട് ഓൺലൈൻ സംവിധാനം പ്രാവർത്തികമാക്കാനാണ് ജനറം പദ്ധതിയിൽപ്പെടുത്തി 8.10 കോടി രൂപയ്ക്ക് കരാർ ഉണ്ടാക്കിയത്. എന്നാൽ, സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാത്തതിനാൽ രണ്ടരക്കോടി രൂപമാത്രമാണ് പദ്ധതിയിൽനിന്ന് വകയിരുത്താൻ സാധിച്ചത്. 2017ൽ ജനറം പദ്ധതി നിർത്തിയതിനാൽ ബാക്കി തുക തനത് ഫണ്ടിൽനിന്ന് നൽകേണ്ടിവരുന്നതും കോർപ്പറേഷന് ബാദ്ധ്യതയായി. ഗ്രാമപഞ്ചായത്തുകളിൽ വരെ ഓൺലൈനായി നികുതി സ്വീകരിക്കുമ്പോൾ മെട്രോ കൊച്ചിയിലെ ജനങ്ങൾ ഇതിനായി മണിക്കൂറുകൾ കാത്തുനിൽക്കണം.

# പറഞ്ഞത് 24 മൊഡ്യൂൾ

തീർന്നത് 5

24 മൊഡ്യൂളുകൾ പൂർത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും ജനനം, മരണം, വിവാഹം, ഡി ആൻഡ് ഒ ലൈസൻസ്, ടൗൺഹാൾ ബുക്കിംഗ് എന്നിവ മാത്രമാണ് ഏജൻസി പൂർത്തിയാക്കിയത്. 4.9 കോടി രൂപ കോർപ്പറേഷൻ ഇതുവരെ ടി.സി.എസിന് കൈമാറി.