footpath
വെള്ളൂർക്കുന്നത്തെ ഫുട്പാത്ത് കൈയ്യേറി വാഹനങ്ങൾ പാർക്കുചെയ്തിരിക്കുന്നു..

മൂവാറ്റുപുഴ: നഗരത്തിലെ ഫുട്പാത്തുകൾ വാഹനങ്ങളും വ്യാപാരികളും കൈയേറിയതോടെ കാൽനടയാത്രക്കാർ ത്രിശങ്കുവിൽ. മൂവാറ്റുപുഴ നഗരത്തിലെ കാൽനടയാത്രക്കാർ ജീവൻ പണയംവെച്ചാണ് സഞ്ചരിക്കുന്നത്. എം സി റോഡിൽ നഗരകവാടമായ വാഴപ്പിള്ളി കവല മുതൽ 130 ജംഗ്ഷൻ വരെയും കോതമംഗലം റോഡിൽ നെഹ്രു പാർക്ക് മുതൽ കീച്ചേരിപ്പടിവരെയും എറണാകുളം റോഡിൽ വെള്ളൂർക്കുന്നം ബസ് സ്റ്റോപ്പ് വരേയും ഫുട്പാത്തുകളിൽ അനധികൃതപാർക്കിംഗും, കൈയേറ്റവും വ്യാപകമാണ്.

പലേടത്തും ഫുട്പാത്ത് പേരിനുപോലുമില്ല

ഏറ്റവും തിരക്കേറിയ വെള്ളൂർക്കുന്നം മുതൽ നെഹ്രുപാർക്ക് വരെയുള്ള ഭാഗങ്ങളിൽ ഫുട്പാപാത്തുകൾ കാണാൻ തന്നെയില്ല. ഇവിടെയെല്ലാം വ്യാപാരികളും വാഹനങ്ങളും കൈയേറിയിരിക്കുകയാണ്. ഇതിനു പുറമെ റോഡിന്റെ ഇരുവശങ്ങളും കൈയടക്കി അനധികൃത വാഹന പാർക്കിംഗും. കാൽനടയാത്രക്കാർക്ക് നടക്കുവാൻ സ്ഥലമില്ലാത്തതിനാൽ റോഡിലിറങ്ങേണ്ട ഗതികേടിലാണ്. ഇങ്ങനെ നടക്കുന്നതിനാൽ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. ഫുട്പാത്ത് കൈയേറ്റത്തിനെതിരെ പരാതികൾ വ്യാപകമാണെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. രണ്ടുവർഷം മുമ്പ് ചേർന്ന ട്രാഫിക് കമ്മിറ്റി യോഗം അനധികൃത പാർക്കിംഗിനെതിരെ അടക്കം നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നങ്കിലും തുടർ നടപടിയുണ്ടായില്ല. നഗരത്തിലെ അനധികൃത പാർക്കിംഗ് വ്യാപകമായിട്ടും പൊലീസും നടപടിയെടുക്കുന്നില്ല.

അപകടയാത്ര

മൂവാറ്റുപുഴ നഗരത്തിലെ ഫുട് പാത്തുകൾ മുഴുവൻ വാഹന പാർക്കിംഗ് കേന്ദ്രമാക്കിയതിനാൽ അപകടം മുന്നിൽക്കണ്ടാണ് കാൽനടയാത്രക്കാർ റോഡിലൂടെ നടക്കുന്നത്. ഫുട്പാത്തുകളിൽ നിന്ന് അടിയന്തരമായി വാഹനപാർക്കിംഗ് ഒഴിവാക്കണം. കാൽനടയാത്രക്കാർക്ക് നഗരത്തിലെ ഫുട് പാത്തിലൂടെ നടന്നുപോകുവാൻ അധികൃതർ സൗകര്യമൊരുക്കണമെന്ന് നഗരവാസിയായ പി.പി. സുരേഷ് ആവശ്യപ്പെട്ടു.