cialsolar

നെടുമ്പാശേരി: സൗരോർജ പ്ളാന്റിന്റെ സ്ഥാപനത്തിലും ഉപയോഗത്തിലും കൊച്ചി വിമാനത്താവളത്തിന്റെ പരിചയസമ്പത്ത് ആഗോള തലത്തിൽ പകർന്നു നൽകാൻ തയ്യാറാണെന്ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യൻ പറഞ്ഞു. ഇന്റർനാഷണൽ സോളാർ അലയൻസിന്റെ (ഐ.എസ്.എ) നേതൃത്വത്തിൽ സിയാൽ സന്ദർശിച്ച 40 രാജ്യങ്ങളിലെ അംബാസഡർ/ഹൈക്കമ്മിഷണർമാരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫ്രാൻസ്, ഈജിപ്‌ത്, ബ്രസീൽ, ചിലി, ബൊളീവിയ, നൈജീരിയ, നമീബിയ,സെനഗൽ, ടാൻസാനിയ, മലേഷ്യ, ശ്രീലങ്ക, ബുറുണ്ടി തുടങ്ങി 40 രാജ്യങ്ങളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. വൻതോതിൽ വൈദ്യുതി വേണ്ടുന്ന വിമാനത്താവളം പോലുള്ള പദ്ധതികൾക്ക് പാരമ്പര്യേതര ഊർജോത്പാദനം പ്രയോജനപ്പെടുത്താമെന്ന് സിയാൽ തെളിയിച്ചതായി സംഘം വിലയിരുത്തി. ആഗോളശ്രദ്ധ കൈവരിച്ച സിയാലിന്റെ സൗരോർജ മാതൃക പിന്തുടരാൻ താത്പര്യമുണ്ടെന്ന് അംബാസഡർമാർ പറഞ്ഞു. തുടർന്നാണ്, ഐ.എസ്.എയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഇക്കാര്യത്തിൽ ആഗോള കൺസൾട്ടൻസിക്ക് തയ്യാറാണെന്ന് വി.ജെ. കുര്യൻ വ്യക്തമാക്കിയത്.

2015 ആഗസ്റ്റ് മുതൽ ഊർജ സ്വയംപര്യാപ്‌തത നേടിയ സിയാൽ, സോളാർ പ്ളാന്റ് ഉപയോഗിച്ചുള്ള മാതൃകാപരമായ പ്രവർത്തനത്തിന് 2018ൽ യു.എന്നിന്റെ പരമോന്നത പരിസ്ഥിതി അവാർഡായ ചാമ്പ്യൻസ് ഒഫ് ദി എർത്ത് നേടിയിരുന്നു. സൗരോർജ പ്ലാന്റിന്റെ മൊത്തം ചെലവിൽ ഭൂരിഭാഗവും ബാറ്ററി പോലുള്ള സംഭരണ ഉപകരണങ്ങൾക്കാണ്. വൈദ്യുതി ബോർഡിന്റെ ഗ്രിഡിലേക്ക് സൗരോർജ വൈദ്യുതി കടത്തിവിട്ടാൽ ഈപ്രശ്‌നം ഒഴിവാക്കാം. ആവശ്യമുള്ളപ്പോൾ ഗ്രിഡിൽ നിന്ന് വൈദ്യുതി തിരിച്ചെടുക്കാനുമാകും. ഇത്തരത്തിലാണ്, സിയാലിന്റെ സൗരോർജ പ്ലാന്റുകളുടെ പ്രവർത്തനം. വിമാനത്താവളത്തിന്റെ പ്രതിദിന ഊർജ ഉപഭോഗം 1.53 ലക്ഷം യൂണിറ്റാണ്. സിയാൽ ഗോൾഫ് ക്ലബ്ബിലെ തടാകങ്ങളിൽ സ്ഥാപിക്കുന്ന ഫ്‌ളോട്ടിംഗ് സൗരോർജ പാനലുകളും സംഘം സന്ദർശിച്ചു.

മൂന്ന് മാസത്തിനകം

ആഗോള സംഗമം

സിയാലിന്റെ സൗരോർജ മാതൃക ആഗോളതലത്തിൽ വ്യാപിപ്പിക്കാനായി 50 വിദേശ വിമാനത്താവളങ്ങളുടെ മേധാവികളുടെ സമ്മേളനം മൂന്നുമാസത്തിനകം കൊച്ചിയിൽ നടക്കുമെന്ന് ഐ.എസ്.എ ഡയറക്‌ടർ ജനറൽ ഉപേന്ദ്ര ത്രിപാഠി പറഞ്ഞു. പ്രകൃതിസൗഹാർദ്ദ ഊർജോത്പാദനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന 74 രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ഐ.എസ്.എ.