mla-file
അഗ്രോ സർവീസ് സെന്ററിനായി ഒരുക്കിയിരിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും

മൂവാറ്റുപുഴ: കാർഷികമേഖലയ്ക്ക് പുത്തനുണർവേകി കൃഷിവകുപ്പ് മൂവാറ്റുപുഴയ്ക്ക് അനുവദിച്ച അഗ്രോ സർവീസ് സെന്റർ പ്രവർത്തനത്തിനായി ഒരുങ്ങി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ അഗ്രോസെന്റർ പ്രവർത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാകുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. കാർഷിക ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും കാർഷിക ടെക്‌നിഷ്യൻമാർക്ക് പരിശീലനം നൽകുന്നതിന് സ്ഥല സൗകര്യങ്ങളുള്ളതിനാൽ മൂവാറ്റുപുഴ ഇ.ഇ.സി.മാർക്കറ്റിലാണ് പുതിയ അഗ്രോ സർവീസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, മാറാടി, ആയവന പഞ്ചായത്തുകളാണ് പ്രവർത്തന മേഖല. നിലവിൽ മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള അഗ്രോ സർവീസ് സെന്റർ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെയാണ് പുതിയ അഗ്രോസർവീസ് സെന്റർ.

സെന്ററിന്റെ ലക്ഷ്യം

കാർഷിക മേഖലയിൽ കൂടുതൽ ഇടപെടുന്നതിനും കൃഷിയെ പരിപോഷിപ്പിക്കുന്നതിനും അഗ്രോ സർവീസ് സെന്ററുകൾക്ക് നിർണായക സ്വാധീനം ചെലുത്താനാകും. വിവിധ കാരണങ്ങളാൽ പലകർഷകരും കാർഷിക മേഖലയിൽ നിന്ന് പിന്നോക്കം പോകുകയാണ്. നിയോജക മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കൃഷിയിറക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ തരിശായിക്കിടക്കുകയാണ്. അഗ്രോ സർവീസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടെ ഇവിടങ്ങളിലെല്ലാം കൃത്യമായ ഇടപെടൽ നടത്താൻ കഴിയും.

കാർഷിക മേഖലയ്ക്കാവശ്യമായ യന്ത്രങ്ങളും മനുഷ്യവിഭവശേഷിയും ഒരുക്കുക എന്നതാണ് അഗ്രോ സർവ്വീസ് സെന്ററിന്റെ മുഖ്യലക്ഷ്യം. ട്രാക്ടർ, ടില്ലർ, ഗാർഡൻ ടില്ലർ, വയ്‌ക്കോൽ കെട്ടുന്ന ബെയ്‌ലർ, പമ്പ് സെറ്റ്, കാടുവെട്ടുന്ന യന്ത്രം, തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രമടക്കമുള്ളവ കർഷകർക്ക് ലഭ്യമാകും. ഇതിന് പുറമെ കൃഷി ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നൽകിയ ടെക്‌നിഷ്യൻമാരും ലഭ്യമാണ്. കർഷകരുടെ കൃഷിസ്ഥലം കണ്ടെത്തി നിലമൊരുക്കൽ, ആവശ്യമായ നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ എന്നിവ കർഷകർക്ക് ലഭ്യമാക്കും. പൂർണമായും യന്ത്ര വത്കരണത്തിലൂടെ ലാഭകരമായ കൃഷി സാദ്ധ്യമാക്കുന്നതിനും തെങ്ങുകയറ്റം അടക്കമുള്ളവ ഏറ്റെടുക്കുക വഴി തെങ്ങ് കൃഷിയോട് കർഷകർക്ക് ആഭിമുഖ്യമുണ്ടാക്കുക, തരിശ് ഭൂമികളിൽ പാട്ടത്തിന് കൃഷി ഇറക്കുക, ഹൈടെക് കൃഷി രീതികൾ, മഴമറകൾ, ഡ്രിപ്പ്, ഫെർട്ടിഗേഷൻ എന്നിവ നടപ്പിലാക്കുക, കൃഷി വകുപ്പ് പദ്ധതികൾ സമയബന്ധിതമായി കർഷകരിൽ എത്തിക്കുക തുടങ്ങിയ സേവനങ്ങൾ നൽകാൻ അഗ്രോ സർവീസ് സെന്ററുകൾക്ക് കഴിയും.

സൊസൈറ്റി ഒഫ് ഹൈടെക് അഗ്രോസർവീസ് സെന്റർ

കാർഷിക വികസന കർഷകക്ഷേമവകുപ്പു നടപ്പാക്കുന്ന അഗ്രോ സർവീസ് സെന്റർ പദ്ധതി പ്രകാരം തിരഞ്ഞെടുത്ത 20 യുവതീ യുവാക്കൾക്ക് കാർഷിക മേഖലയിൽ വിദഗ്ദ്ധ പരിശീലനം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നൽകിയിട്ടുണ്ട്. ഇവർ ചേർന്ന് സൊസൈറ്റി ഒഫ് ഹൈടെക് അഗ്രോസർവീസ് സെന്റർ എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.കെ. സജിമോൾക്കാണ് അഗ്രോ സർവീസ് സെന്ററിന്റെ ചുമതല. സൊസൈറ്റിയുടെ പ്രസിഡന്റായി ടി.എം. അൻഷാജിനെയും സെക്രട്ടറിയായി എൽദോസ്.എൻ. പോളിനെയും തിരഞ്ഞെടുത്തു. 2014ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുത്ത പി.എം. ജോഷിയെയാണ് അഗ്രോസർവീസ് സെന്ററിന്റെ ഫെസിലേറ്ററായി നിയമിച്ചിരിക്കുന്നത്. അഗ്രോ സർവീസ് സേവനങ്ങൾ ആവശ്യമുള്ളവർ 7994996262, 8075273616 എന്ന നമ്പറിൽ ബന്ധപ്പെടണം.