പറവൂർ : നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മഴക്കാലം വരുന്നതിനു മുമ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ നൽകിയ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ കൊതുകിന്റെയും ആഫ്രിക്കൻ ഒച്ചിന്റെയും ശല്യമുണ്ട്. കാനകളുടെ സ്ലാബുകൾ മാറ്റി ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തിയില്ല. നഗരത്തിൽ ശൗചാലയമാലിന്യം തള്ളുന്നതു പതിവായി. കഴിഞ്ഞദിവസം രാത്രി ചന്തയുടെ പരിസരത്തു രണ്ട് ലോഡ് മാലിന്യം തള്ളി. ആരോഗ്യ വിഭാഗത്തിന്റെ രാത്രികാല പരിശോധന കാര്യക്ഷമമാകുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളുന്നയിച്ചാണ് പ്രതിപക്ഷ കൗൺസിലർമാരായ കെ.എ. വിദ്യാനന്ദൻ, കെ. സുധാകരൻ പിള്ള, സി.പി. ജയൻ, ലൈജോ ജോൺസൺ, നബീസ ബാവ, സുനിൽ സുകുമാരൻ, കെ.ജി. ഹരിദാസ്, ഷൈത റോയ്, ജ്യോതി ദിനേശൻ എന്നിവർ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് ഇവർ നഗരസഭ കവാടത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന് ചെയർമാൻ
നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റവും നന്നായി നടക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. ആരോഗ്യരംഗത്ത് സർക്കാർ അംഗീകരിച്ച മികച്ച നഗരസഭയാണ് പറവൂർ. ഇത്തവണ ഓരോ വാർഡിലും 30,000 രൂപ വീതം ചെലവാക്കാൻ വാർഡ് സാനിറ്റേഷൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 200 തൊഴിലാളികൾ നഗരസഭാതിർത്തിയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മഴയ്ക്കു മുന്നോടിയായി പ്രധാന കാനകളെല്ലാം വൃത്തിയാക്കിക്കഴിഞ്ഞതായും ചെയർമാൻ പറഞ്ഞു.