പറവൂർ : നൂറു കണക്കിന് യാത്രക്കാർക്ക് ആശ്രയമായ വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ - ചെട്ടിക്കാട് കടത്ത് നിലച്ചു. ഒരാഴ്ചയിലധികമായി കടത്തുമുടങ്ങിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കടത്തിനെ ആശ്രയിച്ചിരുന്ന ജനങ്ങൾ ഇപ്പോൾ നാല് കിലോമീറ്റർ കറങ്ങിയാണ് ലക്ഷ്യസ്ഥലങ്ങളിലെത്തുന്നത്. വിദ്യാലയങ്ങൾ തുറക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാവും. വഞ്ചി ഉപയോഗിച്ചുള്ള കടത്താണിത്. വടക്കേക്കര പഞ്ചായത്തിനാണ് കടത്തിന്റെ ചുമതല. കുഞ്ഞിത്തൈ - ചെട്ടിക്കാട് പാലം നിർമ്മിക്കുന്നതിന് പതിമൂന്ന് വർഷം മുമ്പ് തറക്കല്ലിട്ടതാണ്. അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കാത്തതിനാൽ പാലം നിർമ്മാണം അനന്തമായി നീളുകയാണ്.
-അടിയന്തര നടപടിവേണം
കടത്ത് പുനരാരംഭിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് വാർഡ് മെമ്പറും മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ അനിൽ ഏലിയാസ് ആവശ്യപ്പെട്ടു. സ്കൂൾ തുറക്കുന്നതിനു മുമ്പ് കടത്ത് പുനരാരംഭിച്ചില്ലെങ്കിൽ ചെറിയ കുട്ടികളടക്കം ദുരിതത്തിലാവുമെന്നും അദ്ദേഹം പറഞ്ഞു.