അങ്കമാലി നിയോജകമണ്ഡലത്തിൽ കാലവർഷത്തിനു മുന്നോടിയായുള്ള ആരോഗ്യ ജാഗ്രതാ തുടർപ്രവർത്തന അവലോകനം ചെയ്യുവാനായി റോജി എം. ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടേയും, വിവിധ ഉദ്യാേഗസ്ഥരുടേയും വിപുലമായ യോഗം റെസ്റ്റ് ഹൗസിൽ ചേർന്നു. മഴക്കാലമാരംഭിക്കുന്നതോടെ ജലജന്യ രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മഴക്കാല പൂർവ ശുചീകരണവും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തുകളുടെ നേത്യത്വത്തിൽ ശുചിത്വ സ്‌ക്വാഡ്,ആരോഗ്യസേനാ അംഗങ്ങൾ പൊതുസ്ഥലങ്ങൾ മുതലായവ സന്ദർശിച്ച് കൊതുകുകളുടെ ഉറവിട നശീകരണവും, സംസ്‌കരണവും, ശുദ്ധജലലഭ്യതയും പരിസര ശുചിത്വവും ഉറപ്പ് വരുത്തേണ്ടതാണെന്നും എം.എൽ.എ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭക്ഷ്യ വിഷബാധ ആവർത്തിക്കാതിരിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകളും, നടപടികളും കർശനമാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഭക്ഷണശാലകളിലും മറ്റും കർശനമായ പരിശോധനകൾ നടത്തുവാൻ യോഗം നിർദ്ദേശിച്ചു. മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുവാനും ബന്ധപ്പെട്ട ഉദ്യാഗസ്ഥർക്ക് യോഗം നിർദ്ദേശം നൽകി. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് സ്‌കൂളുകളും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുവാനും നിർദ്ദേശം നൽകി. ഓടകൾ, തോടുകൾ കുളങ്ങൾ മുതലായവ വ്യത്തിയാക്കി മഴക്കാലത്തിനു മുമ്പായി നീരൊഴുക്ക് സുഖമമാക്കുവാനും പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മേയ് 31ന് നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യാേഗസ്ഥരുടേയും, റെസിഡൻഡ് അസ്സോസ്സിയേഷനുകളുടേയും, ക്ലബ്ബുകളുടേയും, സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടുകൂടി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾനടത്തുവാനും യോഗം തീരുമാനിച്ചു. റോജി എം. ജോൺ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജു വി തെക്കേക്കര, ജയ രാധാക്യഷ്ണൻ, റീന രാജൻ, ചെറിയാൻ തോമസ്, നീതു അനു, ഷാഗിൻ കണ്ടത്തിൽ ഡി.എം.ഒ ഡോ. ശ്രീദേവി, തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻമാർ, എല്ലാ പി.എച്ച്.സികളിലേയും ഡോക്ടർമാർ, ക്യഷി ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ ഉദ്യാേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.