കൊച്ചി: വിദേശ ട്രോളറുകളുടെ ആഴക്കടൽ മത്സ്യബന്ധനത്തിലൂടെയുണ്ടാകുന്ന നഷ്ടം കണക്കാക്കി റിപ്പോർട്ടു നൽകണമെന്ന ഹൈക്കോടതി ഉത്തരവു പാലിക്കാത്തതുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരായ കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിലെ ഫിഷറീസ് ഡെവലപ്മെന്റ് കമ്മിഷണർ ഡോ. പി. പോൾ പാണ്ഡ്യനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഡൽഹിയിലിരിക്കുന്നു എന്നതുകൊണ്ട് നിയമത്തിനതീതനാണെന്ന് കരുതരുതെന്നും റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമായിരുന്നെങ്കിൽ അതാവശ്യപ്പെടണമായിരുന്നെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
ഇന്നലെയും റിപ്പോർട്ട് നൽകിയില്ല. തുടർന്ന് നാളെ റിപ്പോർട്ടുമായി പോൾ പാണ്ഡ്യൻ വീണ്ടും ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വിദേശ ട്രോളറുകൾ ആഴക്കടലിൽ നടത്തുന്ന മത്സ്യബന്ധനത്തിലും കച്ചവടത്തിലും രാജ്യത്തിന് വൻതുക നഷ്ടമുണ്ടാകുന്നെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയാണ് പരിഗണനയിലുള്ളത്.
മാർച്ച് 31 ന് നഷ്ടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതു പാലിക്കാത്തതിനെത്തുടർന്ന് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജി നൽകി. തുടർന്നാണ് പോൾ പാണ്ഡ്യൻ ഹാജരാകാൻ നിർദ്ദേശിച്ചത്. വിവിധ മന്ത്രാലയ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയുടെ മേൽനോട്ടത്തിൽ തയ്യാറാക്കേണ്ടതിനാലാണ് റിപ്പോർട്ട് വൈകിയതെന്ന് പോൾ പാണ്ഡ്യൻ കോടതിയെ അറിയിച്ചു. യോഗം ചേരുന്നതൊക്കെ നിങ്ങളുടെ കാര്യമാണെന്നും റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമായിരുന്നെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.