വൈപ്പിൻ: മൂലമ്പിള്ളിയിൽ ബ്ലേഡുമാഫിയ വിരുദ്ധസമിതി രൂപീകരിച്ചു. രണ്ടുലക്ഷം രൂപ വായ്പ വാങ്ങിയ കീച്ചാമ്പിള്ളി സുബ്രഹ്മണ്യന്റെ ഭാര്യ ഷീബയുടെ 50 ലക്ഷം രൂപയുടെ കിടപ്പാടം തട്ടിയെടുക്കാൻ ശ്രമിക്കുകയും മറ്റൊരു ഇരയെ സമ്മർദ്ദത്തിലാക്കി വൃക്ക വില്പിക്കുകയും ചെയ്ത ബ്ലേഡുമാഫിയക്കെതിരെ ഷീബയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് സമിതി രൂപീകരിച്ചത്. ബ്ലേഡിനിരയായി കിടപ്പാടം നഷ്ടപ്പെട്ട മറ്റൊരു കുടുംബവും മൂലമ്പിള്ളിയിലെ ഈ നാല് സെന്റ് കോളനിയിൽ ഉണ്ട്. സമിതി ചെയർപേഴ്‌സണായി കെ.ആർ. പ്രശാന്ത്, വൈസ് ചെയർപേഴ്‌സണായി നിമ്മി ആന്റണി, ജനറൽ കൺവീനറായി എ.ടി. ബൈജു , കൺവീനർമാരായി ജോൺസൺ എം.വി, സജീവൻ പി.കെ, ഖജാൻജിയായി വിജയൻ കെ. കെ എന്നിവരെ തിരഞ്ഞെടുത്തു. ബ്ലേഡ്ബാങ്ക് ജപ്തി വിരുദ്ധസമിതി പ്രസിഡന്റ് പി. ജെ. മാനുവൽ, സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറൽ കൺവീനർ വി. സി. ജെന്നി, പ്രീതാഷാജി എന്നിവർ പങ്കെടുത്തു.
ബ്ലേഡ് മാഫിയക്കെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി എറണാകുളം നോർത്ത് എസ്‌ഐയ്ക്ക് കൈമാറിയിട്ടുണ്ട്. ജൂൺ രണ്ട് വൈകിട്ട് നാലിന് മൂലമ്പിള്ളിയിൽ സർവകക്ഷി പ്രതിഷേധയോഗം നടത്തും.