വൈപ്പിൻ : ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മിനിമാരത്തൺ 26ന് നടത്തും. മാലിപ്പുറം സ്വതന്ത്രമൈതാനത്തു നിന്ന് രാവിലെ 6ന് ആരംഭിക്കും. വളപ്പ് ജംഗ്ഷനിലൂടെ ചാപ്പക്കടപ്പുറത്തെത്തി പുതുവൈപ്പ് ബീച്ചിലൂടെ അയോദ്ധ്യാ ജംഗ്ഷൻ , ഗോശ്രീ ജംഗ്ഷൻ വഴി വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയിലൂടെ പുതുവൈപ്പ് ജംഗ്ഷനിലെത്തി സമാപിക്കും. 9.6 കി.മീറ്റർ ദൂരമാണ് താണ്ടേണ്ടത്. ഇതോടൊപ്പം നടത്തു ഫൺ റൺ മാലിപ്പുറത്തു നിന്ന് വളപ്പ് ജംഗ്ഷൻ, ചാപ്പകടപ്പുറം ജംഗ്ഷൻ, കോച്ചൻമുക്ക് വഴി 3.6കി.മീറ്റർ ഓടി പുതുവൈപ്പ് ജംഗ്ഷനിലെത്തി സമാപിക്കും. ഒളിപ്യൻ കെ.എം. ബിനു, ചലച്ചിത്ര താരം മജീദ് എടവനക്കാട് എന്നിവർ ഫ്‌ളാഗ് ഒഫ് ചെയ്യും.

വിജയികൾക്കു മെഡലിനു പുറമെ ഒന്നാം സമ്മാനമായി 5000 രൂപ, രണ്ടാം സമ്മാനമായി 3000 രൂപ, മൂന്നാം സമ്മാനമായി 2000 രൂപ എന്നിങ്ങനെ നൽകും. പങ്കെടുക്കേണ്ടവർ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ : 9383423375 . ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ജൂണിൽ സ്ത്രീ സുരക്ഷാ സെമിനാർ , പ്രമേഹ ആയുർവേദ മെഡിക്കൽ ക്യാമ്പ് , ഓഗസ്റ്റിൽ ജൈവപച്ചക്കറി പ്രദർശനവും വില്പനയും സെപ്തംബറിൽ കലാ കായിക മത്സരങ്ങൾ, ഒക്ടോബറിൽ പഴയകാല പാചക കൂട്ടുകളുടെ പരിചയപ്പെടുത്തൽ , നവംബറിൽ നൂതന സേവനങ്ങളെക്കുറിച്ച് സെമിനാർ, ഡിസംബറിൽ റാലിയും സമ്മേളനവുമായി സമാപിക്കും. ശതാബ്ദി സ്മാരകമായി ബിസിനസ് സെന്റർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം നിർമ്മിക്കുന്നതിനായി ഒരേക്കർ ഭൂമി വാങ്ങുമെന്ന് പ്രസിഡന്റ് ആൽബി കളരിക്കൽ, ഭരണ സമിതി അംഗങ്ങളായ ടി.വി. ഷെൽബി, കെ.ബി. ഷണ്മുഖൻ, സെക്രട്ടറി ജോസാൽ ഫ്രാൻസിസ് എന്നിവർ അറിയിച്ചു.