ആലുവ: നാല് പതിറ്റാണ്ടോളമായി അഞ്ഞൂറോളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന റെയിൽവേ അടിപ്പാത ജെ.സി.ബി ഉപയോഗിച്ച് കിളച്ച് മറിച്ചിട്ടതായി പരാതി. ആലുവ തുരുത്തിന് സമീപം ഗാന്ധിപുരം ചാന്തേലി പാടം റോഡിലെ റെയിൽവേ അടിപ്പാതയാണ് കഴിഞ്ഞദിവസം രാത്രി റെയിൽവെ ഉദ്യോഗസ്ഥർ കിളച്ചുമറിച്ചത്.
ചെങ്ങമനാട് പഞ്ചായത്തിൽ റെയിൽവേ പാതയ്ക്ക് ഇരുവശവുമായി വേർതിരിക്കപ്പെട്ട 11,12 വാർഡുകളെ ബന്ധിപ്പിക്കുന്ന എക യാത്രാ മാർഗമാണ് ഇതോടെ ഇല്ലാതായത്. പുറയാർ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി അടച്ചിടുമ്പോഴും നാട്ടുകാർ ആശ്രയിച്ചിരുന്ന വഴിയാണിത്. ഇപ്പോൾ ഇവിടെ കാൽനടയാത്രക്ക് പോലും ഉപയോഗിക്കാൻ സാധിക്കാതെയായി. റെയിലിന് ഇരുഭാഗത്തുമായുള്ള ഹൈസ്‌കൂൾ, മസ്ജിദ്, മിൽമാ ബൂത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഇനി കിലോമീറ്ററുകൾ ചുറ്റണം. ഒരു വ്യക്തിയുടെ സ്വാർത്ഥ താത്പര്യമാണിതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.