കൊച്ചി:യുവനടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ അപ്പീൽ, കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ വിട്ടുകിട്ടാൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വിധി വന്നശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
നേരത്തേ ഈ ആവശ്യം ഉന്നയിച്ച് ദിലീപ് നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തതായി ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് സുപ്രീം കോടതിയുടെ വിധി വന്നശേഷം അപ്പീൽ പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. പ്രതി തന്നെ ക്രിമിനൽ കേസ് കൈകാര്യം ചെയ്യുന്നത് അനുവദിക്കാനാവില്ല. ഏതുതരം അന്വേഷണം വേണമെന്ന് പ്രതിക്ക് പറയാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. കെട്ടിച്ചമച്ച കേസാണിതെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. സി.ബി.ഐ അന്വേഷണം വന്നാൽ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കപ്പെടുമെന്നും ദിലീപിന്റെ അഭിഭാഷൻ പറഞ്ഞു.
കേസന്വേഷണം ശരിയായി നടക്കുന്നെന്ന് മുമ്പ് സിംഗിൾബെഞ്ച് വിലയിരുത്തിയിട്ടുണ്ടെന്നും അന്വേഷണം ശരിയായി നടന്നില്ലെന്നത് ഹർജിക്കാരന്റെ കാഴ്ചപ്പാട് മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു.
മാദ്ധ്യമ ശ്രദ്ധ സ്വാഭാവികം
സെലിബ്രിറ്റി എന്ന നിലയിൽ ദിലീപിനെതിരെയുള്ള കേസിൽ മാദ്ധ്യമ ശ്രദ്ധയുണ്ടാവുന്നത് സ്വാഭാവികമാണെന്നും കേസിലുൾപ്പെട്ടിരുന്നില്ലെങ്കിലും ദിലീപ് മാദ്ധ്യമങ്ങളുടെ ശ്രദ്ധയിലുള്ള വ്യക്തിയല്ലേയെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. മാദ്ധ്യമങ്ങൾ വേട്ടയാടുകയാണെന്ന ദിലീപിന്റെ വാദത്തെത്തുടർന്നാണ് കോടതിയുടെ ഈ അഭിപ്രായം.