പെരുമ്പാവൂർ: അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുന്ന നെടുങ്ങപ്ര സഹകരണബാങ്കിൽ ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തി. ജൂൺ 16ന് രാവിലെ ഒൻപതുമുതൽ വൈകിട്ട് നാലുവരെയാണ് തിരഞ്ഞെടുപ്പ്. അനധികൃതമായി അംഗത്വം നേടിയിരുന്ന 1700 ഓളം അംഗങ്ങളെ സഹകരണവകുപ്പ് ജോ.രജിസ്ട്രാർ ബാങ്കിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് കഴിഞദിവസം പുറത്താക്കിയിരുന്നു. ഇവരെ ഒഴിവാക്കിയുളള വോട്ടർപട്ടികയാണ് വരണാധികാരിയാ അസി.രജിസ്ട്രാർ പ്രസിദ്ധപ്പെടുത്തിയത്. അതേസമയം തിരഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച സമയത്ത് വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നാരോപിച്ച് യു.ഡി.എഫ്. രംഗത്തുവന്നു. ബുധനാഴ്ച രാവിലെ11 നകം അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തണമെന്നായിരുന്നു കമ്മീഷന്റെ നിർദ്ദേശമെങ്കിലും വൈകിട്ട് നാലുമണിയോടെയാണ്പട്ടിക പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞദിവസം അംഗത്വം റദ്ദാക്കിയവരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുണ്ടായ പ്രായോഗികബുദ്ധിമുട്ടുകളാണ് പട്ടിക പ്രസിദ്ധപ്പെടുത്താൻ വൈകിയതിന് കാരണമായി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാൽ എങ്ങനെയും ഭരണം പിടിച്ചെടുക്കാനുളള ശ്രമമാണ് സി.പി.എമ്മിന്റേതെന്ന് ബാങ്ക് മുൻപ്രസിഡന്റ് റോയ്‌ വർഗീസ് ആരോപിച്ചു.