highcourt

കൊച്ചി : നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി മരിച്ച സംഭവത്തിൽ ഇവർക്ക് ഭവന വായ്പ നൽകിയ ബാങ്കിനെതിരെ അന്വേഷണം നടത്തുന്നുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകി. വീട് ജപ്തി ചെയ്ത് ബാങ്കിന് ഏറ്റെടുക്കാൻ നിയമപരമായി തടസമുണ്ടോയെന്ന് അറിയിക്കാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.

ഭവന വായ്പാ കുടിശികയുടെ പേരിൽ ബാങ്ക് ജപ്തി നടപടികൾ സ്വീകരിക്കുന്നതിനെതിരെ നെയ്യാറ്റിൻകര സ്വദേശിയായ ചന്ദ്രനും ഭാര്യ ലേഖയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മേയ് 14ന് ഹർജി പരിഗണിച്ച ഹൈക്കോടതി ബാങ്കിന്റെ വിശദീകരണം തേടി. അന്നു തന്നെ ലേഖയും മകളും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചു. ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ ഹർജിക്കാരിയായിരുന്ന ലേഖ മരിച്ചെന്നും ചന്ദ്രൻ ജയിലിലാണെന്നും ഇവർക്കു വേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു.

തുടർന്നാണ് ബാങ്കിന് സംഭവത്തിൽ പങ്കുണ്ടോയെന്നും ഇക്കാര്യം അന്വേഷിക്കുന്നുണ്ടോയെന്നും ഡി.ജി.പി സ്റ്റേറ്റ്മെന്റ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

ഭർത്താവിന്റെയും അമ്മയുടെയും പീഡനങ്ങളെത്തുടർന്നാണ് ലേഖ മകളുമൊത്ത് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ലഭിച്ചെന്നും ചന്ദ്രനെയും അമ്മയെയും അറസ്റ്റ് ചെയ്തെന്നും പൊലീസിനു വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ അറിയിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അധികൃതരുടെ മൊഴിയെടുക്കുമെന്നും വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സി.ഐയെ ഹൈക്കോടതി കേസിൽ സ്വമേധയാ കക്ഷി ചേർത്തു. ആത്മഹത്യ നടന്ന വീട് ക്രിമിനൽ കേസ് നടപടി പ്രകാരം ഇപ്പോൾ കുറ്റകൃത്യം നടന്ന സ്ഥലമാണ്. ആ നിലയ്ക്ക് ഇതു ജപ്തി ചെയ്യാൻ നിയമപരമായി ബാങ്കിന് കഴിയുമോയെന്ന കാര്യം അറിയിക്കണം. ഹർജി നൽകിയതിനുശേഷം സംഭവിച്ച കാര്യങ്ങൾ സി.ഐ വിശദീകരിക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഹർജി 29 നു വീണ്ടും പരിഗണിക്കും.