കൊച്ചി : സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം ഗുരുതര കുറ്റകൃത്യമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രതികൾക്ക് എറണാകുളം അഡി. സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വാക്കാൽ പറഞ്ഞത്.
മേയ് 15 നാണ് കേസിലെ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. മേയ് 20 ന് തിരിച്ചറിയൽ പരേഡ് നടത്താൻ നിശ്ചയിച്ചിരിക്കെയാണ് ജാമ്യമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജാമ്യം റദ്ദാക്കാൻ മേയ് 20 നകം ഹർജി നൽകാതിരുന്നതെന്താണെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. നടപടിക്രമങ്ങളിൽ വന്ന താമസമാണിതെന്നായിരുന്നു മറുപടി.
പ്രതികൾ 30 ദിവസമായി കസ്റ്റഡിയിലല്ലേയെന്നും ആ നിലക്ക് ജാമ്യം റദ്ദാക്കുന്നത് കടുത്ത നടപടിയാവില്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു. തുടർന്ന് ഹർജിയിൽ എതിർ കക്ഷികളായ പ്രതികൾക്ക് നോട്ടീസ് നൽകാൻ നിർദേശിച്ചു. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ജയേഷ്, തൃശൂർ സ്വദേശി എം.ജെ. ജിതിൻ, കൊല്ലം സ്വദേശി രാജേഷ്, പോണ്ടിച്ചേരി സ്വദേശി എ. അൻവറുദ്ദീൻ, കൊല്ലം സ്വദേശി ഗിരിലാൽ അപ്പുക്കുട്ടൻ, ആലപ്പുഴ സ്വദേശി ആർ. വിഷ്‌ണുരാജ്, ട്രിച്ചി സ്വദേശി ഡി. കുമാർ എന്നിവർക്ക് ജാമ്യം നൽകിയതിനെതിരെയാണ് ഹർജി. സുരേഷ് കല്ലട ബസിലെ ജീവനക്കാരായ പ്രതികൾ ഏപ്രിൽ 20 ന് തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്കു പോയ ബസിലെ യാത്രക്കാരെ മർദ്ദിച്ചെന്നാണ് കേസ്.