gun

കൊച്ചി: സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങളാണ് ജൂഡ്സൺ നേപ്പാളിൽ നിന്ന് ചരസ് കടത്താൻ ആരംഭിച്ചത് മുതൽ പിടിയിലായത് വരെയുള്ളത്. വായ്പയെടുത്ത് വാങ്ങിയ കാർ സാമ്പത്തിക പ്രതിസന്ധി വരുത്തിയപ്പോഴാണ് വാരാണസിയിലെ സുഹൃത്ത് മയക്കുമരുന്ന് കച്ചവടത്തിലേക്ക് വഴി തിരിച്ചുവിടുന്നത്.

നേപ്പാളിൽ നിന്ന് മയക്കുമരുന്ന് കടത്താൻ മറയാക്കിയത് ഓട്ടിസം ബാധിച്ച 12 വയസുകാരനായ സ്വന്തം മകനെയാണ്. മകനുമൊത്തായിരുന്നു ദീർഘമായ യാത്രകൾ. വിവാഹമോചിതനായ ജൂഡ്സണ് ഒരു മകൻ കൂടിയുണ്ട്. രണ്ടുപേരും ഇയാൾക്കൊപ്പമാണ് .

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബംഗളൂരു വഴി കേരളത്തിലെത്താൻ ജി.പി.ആർ.എസ് വഴികാട്ടിയായി. ചരസ് സീറ്റിനടിയിലേക്ക് വച്ച് സീറ്റിൽ മകനെ കിടത്തിയാണ് അതിർത്തിയിലെ പരിശോധനകളിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ റെന്റ് എ കാർ ബിസിനസ് ഉപയോഗപ്പെടുത്തി.

ക്വട്ടേഷൻ സംഘം കൂടി രൂപീകരിക്കാനും ജൂഡ്സൻ ആലോചിച്ചു. പിടിക്കപ്പെട്ടാൽ ഉദ്യോഗസ്ഥരെയും ഒറ്റുകാരെയും കൊന്ന് നേപ്പാളിലേക്ക് കടക്കാനായിരുന്നു പദ്ധതി. അതിനായി നേപ്പാളിൽ നിന്ന് തന്നെ വാങ്ങിയ പിസ്റ്റളിൽ എപ്പോഴും തിരകൾ ലോഡ് ചെയ്തു സൂക്ഷിച്ചു.

എക്സൈസ് സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർ റൂബന് ലഭിച്ച സൂചനയെ തുടർന്ന് പ്രതിയുടെ അപകട സ്വഭാവം മനസിലാക്കിയിരുന്നു. താൻ നിരീക്ഷണത്തിലാണെന്നറിഞ്ഞ ജൂഡ്സൺ ഒറ്റയടിക്ക് കൈയിലുള്ള ചരസ് വിറ്റഴിക്കാനും ശ്രമിച്ചു. ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഇയാളുടെ കച്ചവടത്തിലെ പ്രധാന ഇടപാടുകാരനെ കുടുക്കിയത് അന്വേഷണത്തിൽ വഴിത്തിരിവായി. ഇയാളുടെ ഐഡന്റിറ്റിയും ഫോണും ഉപയോഗിച്ച് ജൂഡ്സണുമായി എക്സൈസ് സംഘത്തിലെ കെ.എം. റോബി സംസാരിച്ചു. ചരസിന് വൻതുക നൽകാമെന്ന് പറഞ്ഞാണ് ഇന്നലെ ഉച്ചയോടെ ജൂഡ്സണെ കണ്ടെയ്നർ റോഡിലെത്തിച്ചത്.

മഹീന്ദ്ര എസ്.യു.വിയിലെത്തിയ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് വാഹനം നിറുത്താതെ പാഞ്ഞു. തൊട്ടുപിന്നാലെ പാഞ്ഞ് തടഞ്ഞുനിറുത്തിയപ്പോൾ ജൂ‌ഡ്സൺ പിസ്റ്റൾ ചൂണ്ടി. സർവീസ് റിവോൾവർ ഉയർത്തി കാട്ടി എക്സൈസ് പ്രതിരോധിച്ചപ്പോൾ എന്താണ് നടുറോഡിൽ സംഭവിക്കുന്നതെന്ന് തിരിച്ചറിയാതെ അന്തിച്ചു നിൽക്കുകയായിരുന്നു വഴിയാത്രക്കാർ. ജനക്കൂട്ടത്തെ മറയാക്കി ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ തോക്ക് തട്ടിത്തെറിപ്പിച്ച് മൽപ്പിടുത്തത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു.