കൊച്ചി: ജന്മനാ ഹൃദ്‌രോഗമുള്ള, ഒരു മാസം മാത്രം പ്രായമായ കുട്ടിക്ക് അമൃത ആശുപത്രിയിൽ വിജയകരമായ ഹൃദയ ശസ്ത്രക്രിയ. പയ്യന്നൂരിൽ നിന്നുള്ള ഒരു മാസം പ്രായമായ പെൺകുട്ടിയെ ഇന്നലെ
അർദ്ധരാത്രിയാണ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തിലേക്കുള്ള പ്രധാന രക്തക്കുഴൽ ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കേണ്ടതിന് പകരം മഹാധമനി നിന്നും തുടങ്ങുന്നതായിരുന്നു കുഞ്ഞിന്റെ പ്രശ്‌നം. ഈ അവസ്ഥയിലുള്ള കുട്ടികൾക്ക് ഏത് നിമിഷവും ഹൃദയസ്തംഭനം സംഭവിക്കാം. രാത്രി ആശുപത്രിയിലെത്തിച്ച കുട്ടിയെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. അഞ്ചുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തി ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴൽ ഹൃദയത്തിൽതന്നെ ഉറപ്പിച്ചു. ഡോ. ബ്രിജേഷ് പി.കെയുടെ നേതൃത്വത്തിൽ ആയിരുന്നു ശസ്ത്രക്രിയ. കുഞ്ഞിനെ ഒരാഴ്‌ചയോളം ഐ.സി.യുവിൽ നിരീക്ഷിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.