കൊച്ചി : ചാലക്കുടിയിലെ രണ്ടാമൂഴത്തിൽ ഇന്നസെന്റ് കാലിടറിവീണു. ഒരിക്കൽപ്പോലും ലീഡ് നേടാൻ കഴിയാതെയാണ് തോൽവി. വികസനവാദം, സിനിമാനടനെ വ്യക്തിപ്രഭാവം എന്നിവ എൽ.ഡി.എഫ് വിരുദ്ധ വികാരത്തിൽ ഫലം ചെയ്തില്ല.

2014 ലെ തിരഞ്ഞെടുപ്പിൽ പി.സി. ചാക്കോയെ നേരിടാനാണ് ഇന്നസെന്റിനെ എൽ.ഡി.എഫ് സ്വതന്ത്രനായി രംഗത്തിറക്കിയത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായിരിക്കെ ചാലക്കുടിയിൽ അദ്ദേഹം അങ്കം കുറിച്ചു. വിജയിച്ചു.

1750 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം അഞ്ചു വർഷം കൊണ്ട് നടപ്പാക്കി. ആരോഗ്യപ്രശ്നങ്ങൾ വലച്ചപ്പോൾ വീണ്ടും മത്സരിക്കാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ എൽ.ഡി.എഫിന് കഴിയാതെ പോയപ്പോൾ ഇന്നസെന്റ് പാർട്ടി ചിഹ്നത്തിൽ രണ്ടാമൂഴത്തിനിറങ്ങി.

ബെന്നി ബെഹനാൻ വെല്ലുവിളിയായി മാറിയെങ്കിലും സംഘടനാസംവിധാനം വഴി വിജയിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. കിഴക്കമ്പലത്തെ ട്വന്റി 20 ബെന്നിക്കെതിരെ രംഗത്തുവന്നതും അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഇന്നസെന്റ് വീണ്ടും മത്സരിക്കുന്നതിൽ സി.പി.എം പ്രാദേശിക നേതൃത്വം വിയോജിപ്പ് അറിയിച്ചിരുന്നു. എം.പിയെന്ന നിലയിൽ അഞ്ചു വർഷത്തെ പ്രവർത്തനത്തിലെ അതൃപ്തിയായിരുന്നു പ്രധാന കാരണം. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രാദേശിക നേതാക്കളെ സമ്മതിപ്പിച്ചത്. പ്രളയം ഉൾപ്പെടെ സന്ദർഭങ്ങളിൽ എം.പിയുടെ സാന്നിദ്ധ്യം കുറവായിരുന്നെന്ന ജനങ്ങളുടെ വിമർശനവും തോൽവിക്ക് വഴിവച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.