കൊച്ചി : ബെന്നി ബഹനാന്റെ വിജയം എറണാകുളം ജില്ലയിലെ യുവ യു.ഡി.എഫ് എം.എൽ.എമാരുടെ തൊപ്പിയിലെ പൊൻതൂവൽ കൂടിയാണ്. പ്രചാരണം കൊടുമ്പിരിക്കൊണ്ടു നിൽക്കെ ബെന്നി ബഹനാൻ ആശുപത്രിയിലായതോടെ മണിക്കൂറുകൾക്കകം കടിഞ്ഞാൺ ഏറ്റെടുത്തത് യുവ എം.എൽ.എമാരായിരുന്നു.

ചാലക്കുടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായി രംഗത്തിറങ്ങി പത്തു ദിവസത്തോളം കഴിഞ്ഞാണ് ബെന്നി ബഹനാൻ കളത്തിലിറങ്ങിയത്.

ഏപ്രിൽ അഞ്ചിന് ഹൃദയത്തിൽ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമവും വേണ്ടിവന്നു. സ്ഥാനാർത്ഥി മാറിനിൽക്കേണ്ടിവന്നത് ആശങ്ക സൃഷ്ടിച്ചെങ്കിലും സ്ഥാനാർത്ഥിക്ക് പകരം യുവ എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, റോജി ജോൺ എന്നിവർ പര്യടനത്തിനിറങ്ങി. തൃശൂർ ജില്ലയിൽ വി.ഡി. സതീശൻ എം.എൽ.എയെയും നിയോഗിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി തുടങ്ങിയവരുടെ ആശയമായിരുന്നു എം.എൽ.എമാർ പര്യടനം തുടരട്ടെയെന്നത്. ഇരുവരും പ്രചാരണം നേരിട്ടു നിയന്ത്രിച്ചു.

ഏപ്രിൽ 14 നാണ് ബെന്നി ബഹനാൻ വീണ്ടും പ്രചരണത്തിനിറങ്ങിയത്. പുത്തൻകുരിശിലെ യോഗത്തിൽ എ.കെ. ആന്റണിക്കൊപ്പം പങ്കെടുത്തയായിരുന്നു തിരിച്ചുവരവ്. തുടർന്ന് അദ്ദേഹം സജീവമായ ശേഷം വോട്ടെടുപ്പ് കഴിഞ്ഞാണ് വിശ്രമിച്ചത്.

ഇന്നലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ എം.എൽ.എമാർ തൃക്കാക്കരയിലെ ബെന്നിയുടെ വീട്ടിലെത്തി സന്തോഷത്തിൽ പങ്കുചേർന്നു.

അഭിമാന വിജയം

ഞങ്ങളുടെ മാത്രമല്ല, പാർട്ടി പ്രവർത്തകർ ഒന്നാകെ ബെന്നി ബഹനാന് വേണ്ടി രംഗത്തിറങ്ങിയതിന്റെ വിജയമാണിത്. സ്ഥാനാർത്ഥി മാറിനിൽക്കേണ്ടി വന്നാൽ പകച്ചുപോകുകയാണ് പതിവ്. വിജയത്തിൽ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

വി.പി. സജീന്ദ്രൻ എം.എൽ.എ