ഇനി ഉപതിരഞ്ഞെടുപ്പ് ആരവം
കൊച്ചി: ഹൈബി ഈഡന്റെ മിന്നും വിജയം ചില കോൺഗ്രസ് നേതാക്കൾക്ക് വീണുകിട്ടിയ ലഡുവാണ്. മധുരം ആരു രുചിക്കുമെന്നറിയാൻ അൽപ്പം കാത്തിരിക്കണമെന്നു മാത്രം. എറണാകുളം എം.എൽ.എയായ ഹൈബി പാർലമെന്റ് പടികൾ കടക്കുമ്പോൾ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പാകും. ഒരു പിടി നേതാക്കളാണ് സ്ഥാനാർത്ഥി കുപ്പായം തുന്നിയിരിക്കുന്നത്.
ഡി.സി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദിനാണ് ഏറ്റവുമധികം സാധ്യത. ഘടകങ്ങൾ എല്ലാം അനുകൂലം. ഐ ഗ്രൂപ്പുകാരനായ ഹൈബിക്ക് പകരം അതേ ഗ്രൂപ്പുകാരൻ. ലത്തീൻ സമുദായാംഗം. എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിത്വം ഈ സമുദായത്തിന് കുത്തക.
അവസാനനിമിഷം പാർലമെന്റ് സീറ്റ് നഷ്‌ടപ്പെട്ട കെ.വി.തോമസും മണ്ഡലത്തിൽ കണ്ണുവച്ചിട്ടുണ്ട്. പുതുമുഖ സ്ഥാനാർത്ഥി മതിയെന്ന തലത്തിലേക്ക് നേതൃത്വമെത്തിയാൽ മാഷിന് പിന്നെയും മോഹഭംഗമായിരിക്കും ഫലം.
കെ.വി.തോമസ് എം.എൽ.എയായിരിക്കേ പാർലമെന്റിലേക്ക് മത്സരിച്ച് ജയിച്ചപ്പോൾ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത് മുൻ മന്ത്രിയായ ഡൊമിനിക്ക് പ്രസന്റേഷനായിരുന്നു. ഇക്കുറിയും സീറ്റിനായി ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. ഡൊമിനിക്കിന്റെ കാലാവധി അവസാനിച്ചുള്ള പൊതുതിരഞ്ഞെടുപ്പിലാണ് ഹൈബി ആദ്യമായി സ്ഥാനാർത്ഥിയായത്.
കെ.പി.സി.സി വൈസ് പ്രസിഡന്റായ ലാലി വിൻസെന്റും സ്ഥാനാർത്ഥിയാകാൻ രംഗത്തുണ്ട്.
ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് കാലിടറിയിട്ടുണ്ടെങ്കിലും ജയിച്ചപ്പോഴത്തെ മൃഗീയ ഭൂരിപക്ഷമാണ് സ്ഥാനാർത്ഥിയാകാനുള്ള നേതാക്കളുടെ തിരക്കിന് കാരണം. കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിലും എറണാകുളത്ത് വമ്പൻ ഭൂരിപക്ഷമാണ് ഹൈബി നേടിയത്.നിലവിലുള്ള സാഹചര്യത്തിൽ ഹൈബിയുടെ പകരക്കാരനായി ടി.ജെ.വിനോദ് തന്നെ എത്താനാണ് സാധ്യത. ഡെപ്യൂട്ടി മേയറുകൂടിയായ വിനോദ് ആ പദവി ദിവസങ്ങൾക്കുള്ളിൽ
രാജിവയ്‌ക്കും. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും വിനോദിനോടാണ് താത്പര്യം.
2011 നിയമസഭ
ഹൈബി ഈഡൻ (യു.ഡി.എഫ്) -59919
സെബാസ്‌റ്റ്യൻ പോൾ(എൽ.ഡി.എഫ്) -27482
സി.ജി.രാജഗോപാൽ (ബി.ജെ.പി) -6362
ഹൈബിയുടെ ഭൂരിപക്ഷം -32,437
2016 നിയമസഭ
ഹൈബി ഈഡൻ (യു.ഡി.എഫ്) -57819
എം. അനിൽകുമാർ (എൽ.ഡി.എഫ്) -358700
എൻ.കെ.മോഹൻദാസ് (ബി.ജെ.പി) -14878
ഹൈബിയുടെ ഭൂരിപക്ഷം -21,949