തൊടുപുഴ: ഏഴ് നിയോജകമണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടി സർവാധിപത്യത്തോടെയാണ് ഡീൻ കുര്യാക്കോസ് പാർലമെന്റിന്റെ പടി ചവിട്ടുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും തൊടുപുഴയിലും കോതമംഗലത്തും മൂവാറ്രുപുഴയിലും ഡീൻ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ ഇത്തവണ ഏഴ് നിയോജകമണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സമഗ്ര വിജയമാണ് ഡീൻ നേടിയത്. ഇതിൽ ആറിടത്തും ഇരുപതിനായിരത്തിലേറെയും രണ്ടിടത്ത് മുപ്പതിനായിരത്തിലേറെയുമാണ് ലീഡ്.
പത്തിരട്ടി മാറ്റുമായി കോതമംഗലം
ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലമായ കോതമംഗലത്ത് ഡീൻ 2014ൽ 2476 വോട്ടിന്റെ ഭൂരിപക്ഷം നേടി. നിയമസഭാ തിരഞ്ഞെടുപ്പിൽ 19,282 വോട്ടിന്റെ ലീഡ് നേടി ആന്റണി ജോൺ വിജയിച്ചതിന്റെയും യാക്കോബായ സമുദായത്തിന്റെ പിന്തുണയുടെയും പിൻബലത്തിൽ മണ്ഡലത്തിൽ ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്നായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ. പക്ഷേ, രണ്ടായിരത്തിന്റെ ലീഡ് ഇരുപതിനായിരത്തിലേക്ക് ഉയർത്തിയാണ് ഡീൻ മറുപടി നൽകിയത്- 20,596.
കൈവിടാതെ മൂവാറ്റുപുഴ
2014ൽ തോറ്രപ്പോഴും യു.ഡി.എഫ് 5572 വോട്ടിന്റെ ലീഡ് നേടിയ നിയോജകമണ്ഡലമാണ് മൂവാറ്റുപുഴ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 9375 വോട്ട് നേടി എൽദോ എബ്രഹാം വിജയിച്ചതിന്റെ ബലത്തിൽ യു.ഡി.എഫിനെ ഒതുക്കാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഡീനിന്റെ വീടിരിക്കുന്ന നിയോജകമണ്ഡലം ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് അദ്ദേഹത്തിന് നൽകിയത്- 32539.