ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ കനത്ത ഭൂരിപക്ഷമാണ് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ ബെന്നി ബെഹനാന് ഭൂരിപക്ഷമുണ്ടെങ്കിലും ഏറ്റവും അധികം ഭൂരിപക്ഷം നൽകിയത് ആലുവയാണ്.

32000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് ബെന്നിക്ക് ആലുവ സമ്മാനിച്ചത്. 28,000ത്തിലേറെ വോട്ടുമായി അങ്കമാലിയും 23000 വോട്ടുമായി പെരുമ്പാവൂരും തൊട്ടുപിന്നാലെയുണ്ട്. ഇടതിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന കൈപ്പമംഗലവും കൊടുങ്ങല്ലൂരുമെല്ലാം ബെന്നിയെ തുണച്ചതോടെയാണ് റെക്കാർഡ് ഭൂരിപക്ഷത്തിലേക്ക് കടന്നത്. കൈപ്പമംഗലത്ത് 58 വോട്ടിന്റെയും കൊടുങ്ങല്ലൂരിൽ 11,000 വോട്ടിന്റെയും ഭൂരിപക്ഷം ബെന്നിക്ക് ലഭിച്ചത്.

2014ലെ ലോകസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്നസെന്റ് ആലുവയിൽ മാത്രമാണ് പിന്നിൽ പോയത്. 2200 ഓളം വോട്ടിന് അന്നും യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. ചാക്കോ മുന്നിലായിരുന്നു. എന്നാൽ പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് 18,880 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2011ൽ എൽ.ഡി.എഫിലെ എ.എം. യൂസഫിൽ നിന്നും അൻവർ സാദത്തിലൂടെ ആലുവ മണ്ഡലം 13,000 വോട്ടിന് തിരിച്ചുപിടിക്കുകയായിരുന്നു. ആന്റണി ഗ്രൂപ്പുകാർ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് മത്സരിച്ചപ്പോൾ കെ. മുഹമ്മദാലി ഒരുവട്ടം യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. ബെന്നി ബെഹനാൻ ശാരീരികാസ്വസ്ഥ്യത്തെ തുടർന്ന് വിട്ടുനിന്നപ്പോൾ പ്രചാരണ ചുമതല ഏറ്റെടുത്ത അൻവർ സാദത്ത് എം.എൽ.എക്ക് കൂടി വ്യക്തിപരമായി അഭിമാനിക്കാൻ വകനൽകുന്ന ഭൂരിപക്ഷമാണ് ആലുവ സമ്മാനിച്ചത്.

ആലുവ മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം.

ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് എടത്തല പഞ്ചായത്തിലാണ്. 6579 വോട്ട്. തൊട്ടുപിന്നാലെ 6012 വോട്ടുമായി കീഴ്മാട് പഞ്ചായത്താണ്. കാഞ്ഞൂർ പഞ്ചായത്തിലാണ് ഏറ്റവും കുറവ് ഭൂരിപക്ഷം. 1853 വോട്ട്. ചൂർണിക്കരയിൽ 4991 വോട്ടിന്റെയും ആലുവ നഗരസഭയിൽ 4409 വോട്ടിന്റെയും ഭൂരിപക്ഷമുണ്ട്. എക്കാലവും യു.ഡി.എഫിന്റെ കുത്തകമണ്ഡലമാണ് ആലുവയെന്ന് ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നതാണ് ഇന്നലെ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.