fake-document-

കൊച്ചി : കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖകൾ ചമച്ച കേസിൽ ഫാ. പോൾ തേലക്കാട്ടിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ചോദ്യം ചെയ്യണമെന്ന് പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കേസ് റദ്ദാക്കാൻ ഇവർ നൽകിയ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്.പി. കെ. എ. വിദ്യാധരന്റെ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം.മറ്റു പ്രതികളുടെ പങ്കാളിത്തം ആഴത്തിൽ പരിശോധിക്കണമെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.വ്യാജരേഖകൾ ചമച്ചെന്നാരോപിച്ച് ഫാ. ജോബി മാപ്രക്കാവിലാണ് പരാതി നൽകിയത്. പോൾ തേലക്കാട്ടും ബിഷപ്പ് മനത്തോടത്തും കേസിൽ പങ്കാളികളല്ലെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നും ഫാ. ജോബി പറഞ്ഞു.

ഇവർക്കെതിരെ അന്വേഷണം വേണ്ടെന്നോ ആക്ഷേപമില്ലെന്നോ പറയുന്നില്ല. ഫാ. ജോബി പൊലീസിനു നൽകിയ മൊഴികളിലും അന്വേഷണ ഉദ്യോഗസ്ഥനു നൽകിയ മൊഴിയിലും വൈരുദ്ധ്യമുള്ളതിനാൽ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി.

ഫാ. ആന്റണി കല്ലൂക്കാരൻ മുഖേന പരിചയപ്പെട്ട ആദിത്യ 2018 ആഗസ്റ്റ് 20 നും സെപ്തംബർ ഒമ്പതിനുമിടയിൽ അഞ്ചു മെയിലുകൾ അയച്ചു നൽകിയെന്നും രേഖകൾ ശരിയാണോയെന്ന് അറിയില്ലെന്നും പോൾ തേലക്കാട്ട് മൊഴി നൽകി. ഇവ പ്രിന്റെടുത്ത് ബിഷപ്പ് മനത്തോടത്തിന് നൽകിയെന്നും വ്യക്തമാക്കി.

രേഖകൾ കർദ്ദിനാളിന് കൈമാറിയെന്ന് ബിഷപ്പ് മനത്തോടത്തും മൊഴി നൽകി. ഫാ. ആന്റണി കല്ലൂക്കാരൻ നിർദ്ദേശിച്ചതു പ്രകാരമാണ് വ്യാജ രേഖ തയ്യാറാക്കിയതെന്ന് ആദിത്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് കല്ലൂക്കാരനെ നാലാം പ്രതിയാക്കി.

ഇയാളുടെ താമസ സ്ഥലത്തു പരിശോധന നടത്തിയെങ്കിലും ലാപ് ടോപ്പ് കണ്ടെത്താനായില്ല. ഇയാൾ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. വ്യാജ രേഖ തയ്യാറാക്കാൻ ആദിത്യ ഉപയോഗിച്ച കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ചു.

ആദിത്യ നിരപരാധിയാണെന്നും രേഖകൾ വ്യാജമല്ലെന്നും മേയ് 20 ന് ബിഷപ്പ് മനത്തോടത്ത് പത്രസമ്മേളനം നടത്തിപ്പറഞ്ഞു. പിതാവിന്റെ ഹാർഡ്‌വെയർ ഷോപ്പിലെ കമ്പ്യൂട്ടറിലാണ് ആദിത്യ വ്യാജരേഖ തയ്യാറാക്കിയത്. കർദ്ദിനാളിന് ഐ.സി.ഐ.സി.ഐ ബാങ്കിൽ അക്കൗണ്ടില്ലെന്നും 13 അക്കങ്ങളുള്ള അക്കൗണ്ട് നമ്പർ ബാങ്കിനില്ലെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു