കൊച്ചി : എറണാകുളം ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ആധിപത്യം ഉറപ്പിച്ചാണ് യു.ഡി.എഫ് മിന്നുംവിജയം നേടിയത്. എറണാകുളം നിലനിറുത്തി ചാലക്കുടി തിരിച്ചുപിടിച്ചു. ഇടുക്കിയിൽ ഉൾപ്പെട്ട മൂവാറ്റുപുഴ, കോതമംഗലം കോട്ടയത്തുൾപ്പെട്ട പിറവം നിയമസഭാ മണ്ഡലങ്ങളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു.
എറണാകുളത്ത് യു.ഡി.എഫിന്റെ ഹൈബി ഈഡന് വെല്ലുവിളിയെന്ന് പ്രതീക്ഷിച്ച എൽ.ഡി.എഫിലെ പി. രാജീവിന് തിരിച്ചടിയാണ് ലഭിച്ചത്. 1,69,153 വോട്ടിന്റെ ഭൂരിപക്ഷം ഹൈബി സ്വന്തമാക്കി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പ്രതീക്ഷിച്ച വോട്ട് നേടാത്തത് ബി.ജെ.പിക്കും തിരിച്ചടിയായി. പാർട്ടി വോട്ടുകൾക്ക് പുറമെ ന്യൂനപക്ഷങ്ങളുടെയും വോട്ട് ലഭിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ.
ചാലക്കുടിയിൽ ഉജ്വലവിജയമാണ് യു.ഡി.എഫ് കൺവീനർ കൂടിയായ ബെന്നി ബെഹനാൻ നേടിയത്. എൽ.ഡി.എഫിലെ ഇന്നസെന്റിൽ നിന്ന് മണ്ഡലം 1,32,274 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബെന്നി തിരിച്ചുപിടിച്ചത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഇന്നസെന്റിനെ രണ്ടാം മത്സരത്തിൽ ജനം കൈവിട്ടു.
ഇടുക്കിയിൽ കഴിഞ്ഞ തവണ തോറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഇക്കുറി 1,71,053 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സിറ്റിംഗ് എം.പി ജോയ്സ് ജോർജിനെ തോൽപ്പിച്ചത്. സ്വദേശം ഉൾപ്പെട്ട കോതമംഗലത്ത് 20,596 ഉം മൂവാറ്റുപുഴയിൽ 32,539 ഉം വോട്ടിന്റെ ഭൂരിപക്ഷം ഡീൻ കുര്യാക്കോസിന് ലഭിച്ചു. രണ്ടിടത്തും എൽ.ഡി.എഫിന്റെ എം.എൽ.എമാരാണ്.
കോട്ടയം മണ്ഡലത്തിലെ പിറവത്ത് യു.ഡി.എഫിന്റെ തോമസ് ചാഴിക്കാടൻ മുന്നേറ്റം കുറിച്ചു. കഴിഞ്ഞ തവണ ജോസ് കെ. മാണി നേടിയ 63,942 വോട്ട് 66192 ലെത്തിക്കാൻ ചാഴിക്കാടന് കഴിഞ്ഞു.