കോതമംഗലം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് മികച്ച ലീഡ്. 2014ൽ മത്സരിച്ചപ്പോൾ ഇവിടെ ലഭിച്ചത് 47578 വോട്ടായിരുന്നു. ഇക്കുറി അത് 67942 വോട്ടായി ഉയർത്തി. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി ആന്റണി ജോൺ 19282 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. അന്ന് മുൻ മന്ത്രിയായിരുന്ന ടി.യു കുരുവിളയായിരുന്നു കന്നിയങ്കത്തിൽ ആന്റണി ജോണിനോട് തോറ്റത് . കോതമംഗലം നിയോജക മണ്ഡലം രണ്ട് പ്രാവശ്യം ഒഴികെ മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് ഒപ്പമാണ് നിന്നിട്ടുള്ളത്. കൈവിട്ടുപോയ മണ്ഡലത്തിൽ വ്യക്തമായ ലീഡ് നേടാൻ സാധിച്ചതിലുള്ള ആത്മവിശ്വാസത്തിലാണ് കോതമംഗലത്തെ യു.ഡി.എഫ് നേതൃത്വം .