ഹൈബിയുടെ ഭൂരിപക്ഷം 1,69,153
കൊച്ചി: അച്‌ഛന്റെ ഭൂരിപക്ഷത്തെ തോൽപ്പിക്കാൻ മകൻ തന്നെ വരേണ്ടി വന്നു. 20 വർഷം ജോർജ് ഈഡന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്നാണ് മകൻ ഹൈബി ഈഡൻ ആദ്യമായി പാർലമെന്റിന്റെ കവാടം കടക്കുന്നത്.1999 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് 1,38,000 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജോർജ് ഈഡന്റെ വിജയം. ഇത്തവണ ഹൈബി 1,69,153 വോട്ടിന്റെ ഭൂരിപക്ഷത്തിലൂടെ അച്‌ഛനെ മറികടന്നു.
ഹൈബിയുടേത് മിന്നും വിജയമെന്ന് വിശേഷിപ്പിക്കേണ്ടി വരും. സി.പി.എമ്മിലെ കരുത്തനായ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെയാണ് ബഹുദൂരം പിന്നിലാക്കി വെന്നിക്കൊടി പാറിച്ചത്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തോടെയായിരുന്നു പ്രയാണം. എറണാകുളത്തും തൃക്കാക്കരയിലും 31,000 ത്തിന് മുകളിൽ കടന്നു. 2014 ൽ കെ.വി.തോമസിന്റെ ഭൂരിപക്ഷം 87,047 വോട്ടായിരുന്നു.
ജോർജ് ഈഡൻ മകനെ ഒരിക്കലും രാഷ്‌ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയില്ല. എം.പിയായിരിക്കേ മരണമടയുമ്പോൾ ഹൈബി തേവര എസ്.എച്ച്. കോളേജ് വിദ്യാർത്ഥിയായിരുന്നു. കലാലയ രാഷ്രട്രീയത്തിലൂടെ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ്, എൻ.എസ്.യു ദേശീയ പ്രസിഡന്റ് പദവികളിലെത്തി. പിന്നീടാണ് പാർലമെന്ററി രംഗത്തേക്ക് കടന്നത്.
കോൺഗ്രസ് ക്യാമ്പിനെ പോലും ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് ഹൈബി നേടിയത്. പാർട്ടിയുടെ കണക്കുകൂട്ടലിൽ ഭൂരിപക്ഷം 1,30,000 മായിരുന്നു. കളമശ്ശേരി, പറവൂർ, വൈപ്പിൻ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പ്രതീക്ഷകൾക്കപ്പുറം വോട്ടു ലഭിച്ചതോടെ മിന്നും വിജയം സ്വന്തമാക്കി.
യു.ഡി.എഫ് തരംഗത്തിൽ പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ലെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.ഏഴു നിയമസഭ മണ്ഡലങ്ങളിൽ മൂന്നിടത്ത് സി.പി.എം എം.എൽ.എമാരാണുള്ളത്. ഇവിടങ്ങളിൽ ഒരിടത്തു പാേലും ലീഡ് നേടാനാകാതെ പോയത് ക്ഷീണമായി. കഴിഞ്ഞ തവണ വൻ അട്ടിമറിയിലൂടെ പിടിച്ചെടുത്ത കൊച്ചിയിൽ ഇത്തവണ ഹൈബിയുടെ ഭൂരിപക്ഷം 29,313 ലേക്ക് കുതിച്ചത് പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറിയിൽ യു.ഡി.എഫ് പ്രതീക്ഷിച്ചത് പരമാവധി എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമാണ്. എന്നാൽ, 19,227 ലേക്ക് കുതിച്ചു.
ബി.ജെ.പിയും ഒട്ടും മോശമാക്കിയില്ല. ഒരു കേന്ദ്രമന്ത്രി കേരളത്തിൽ മത്സരിക്കുന്ന ഏക മണ്ഡലമായിരുന്നു എറണാകുളം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറിയായ എ.എൻ.രാധാകൃഷ്‌ണൻ നേടിയത് 99003 വോട്ടുകളായിരുന്നു. ഇത്തവണ അൽഫോൻസ് കണ്ണന്താനം 1,37,749 ലേക്ക് എത്തി. നോട്ടയ്‌ക്കും കിട്ടി 5378 വോട്ട്. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി വി.എം.ഫൈസലിന് 4309 വോട്ടുകൾ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
2019
ഹൈബി ഈഡൻ (യു.ഡി.എഫ്) -491263
പി.രാജീവ് (എൽ.ഡി.എഫ്) -322110
അൽഫോൻസ് കണ്ണന്താനം (എൻ.ഡി.എ)-137749
ഹൈബി ഈഡന്റെ ഭൂരിപക്ഷം:1,69,153