മൂവാറ്റുപുഴ: ഇടുക്കി ലോക് സഭാ മണ്ഡലത്തിന്റെ ഭാഗമായ മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിൽ പ്രവചനം തകർത്ത് വൻ ലീഡുമായി യു.ഡി.എഫ് തേരോട്ടം. സിറ്റിംഗ് എം.പിയായ ജോയ്സ് ജോർജിനു കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷത്തിന്റെ ആറിരട്ടിയോളം നേടിയാണ് ഡീൻ കുര്യാക്കോസ് വിജയക്കൊടി നാട്ടിയത്. കഴിഞ്ഞ തവണ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നു 5572 വോട്ടിന്റെ ഭൂരിപക്ഷമാണ് ഡീൻ കുര്യക്കോസിനു ലഭിച്ചത്. എന്നാൽ ഇക്കുറി അത് 32539 വോട്ടിന്റെ ഭൂരിപക്ഷമായി ഉയർന്നു. ഡീനിന് കൂടുതൽ വോട്ടു നൽകിയതിൽ രണ്ടാം സ്ഥാനം മൂവാറ്റുപുഴയ്ക്കാണ്. എൻ.ഡി.എ സ്ഥാനാർഥി ബിജു കൃഷ്ണന് മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്ന് 12867 വോട്ട് ലഭിച്ചു. 2014ൽ എൻ.ഡി.എയ്ക്ക് 8137വോട്ടാണ് ലഭിച്ചത്. നിയമസഭാ മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും ഡീൻ കുര്യാക്കോസിന് വ്യക്തമായ ലീഡുണ്ട്.