കൊച്ചി: എൻ.ഡി.എ സ്ഥാനാർത്ഥിയായി അൽഫോൺസ് കണ്ണന്താനം വന്നപ്പോൾ മുതൽ ട്രോൾമഴയിൽ നിറഞ്ഞ എറണാകുളം മണ്ഡലം വിധിക്ക് ശേഷം സോഷ്യൽ മീഡിയയിൽ "സൈലന്റ് മോഡി"ലാണ്. അന്ന് അൽഫോൺസ് ചെയ്യുന്നതും പറയുന്നതുമെല്ലാം ആഘോഷമാക്കി മാറ്റിയ ട്രോളന്മാർ ഇന്ന് കേരളത്തിലെ ഇടതിനെയും കേന്ദ്രത്തിലെ വലതിനെയും ട്രോളുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. കേരളം തൂത്തുവാരി ജയിച്ചിട്ടും ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം വയനാട്ടിൽ രാഹുൽഗാന്ധി സ്വന്തമാക്കിയിട്ടും ട്രോളിൽ നിറയുകയാണ് കോൺഗ്രസും രാഹുലും. അതേസമയം, കേരളത്തിൽ നിലംതൊടാതെ വീണ ഇടതിനെ തോൽവിയുടെ കാരണങ്ങൾ പഠിപ്പിക്കാനും മറക്കുന്നില്ല ട്രോളന്മാർ.

ഇടത്പരാജയത്തിന്റെ പ്രധാനകാരണം മുഖ്യമന്ത്രിയാണെന്നാണ് സോഷ്യൽമീഡിയയിലെ ചർച്ചയിൽ ഉയർന്നുവരുന്നത്. അതുകൊണ്ടു തന്നെ ട്രോളിൽ നിറയുന്നതും പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ! ഇലക്ഷന് മുമ്പ് അദ്ദേഹം നടത്തിയ പ്രസംഗം അതേപടി പ്രചരിപ്പിക്കുകയാണ് ഒരു കൂട്ടർ. "കടക്ക് പുറത്ത്", "മാറി നിൽക്കങ്ങോട്ട്" എന്നീ വാക്കുകൾ പലരുടെയും ടൈംലൈനുകളിൽ നിറഞ്ഞു."ഉച്ച കഴിഞ്ഞിട്ടും എൽ.ഡി.എഫിന്റെ വോട്ട് എണ്ണിത്തുടങ്ങാത്തതെന്താ" എന്ന് ചോദിക്കുന്ന ഇടത് അനുഭാവിയും "ഇന്നലെ വരെ പാർട്ടി ചിഹ്നം പോകുമോ എന്നായിരുന്നു ഭയം, ഇനി പാർട്ടി തന്നെ ഇല്ലാതായി പോകുമോ മാർക്സിസ്റ്റ് പുണ്യാളാ" എന്ന് സങ്കടപ്പെടുന്ന പാർട്ടി പ്രവർത്തകനും ചിരിയിലുപരി ഇടത് അനുഭാവികൾ ചിന്തിക്കേണ്ടതായി മാറുകയാണ്.

രാഹുൽഗാന്ധിയെയും ട്രോളന്മാർ വെറുതെ വിട്ടില്ല. ഉത്തരേന്ത്യയിൽ നിന്ന് അമ്മയെയും സഹോദരിയെയും സൈക്കിളിലിരുത്തി കേരളത്തിലേക്ക് വരുന്ന രാഹുൽഗാന്ധിയുടെ ചിത്രം ഇനി രാഹുലിന്റെ തട്ടകം കേരളമാവുകയാണെന്ന സൂചന കൂടി നൽകുന്നുണ്ട്. ഭാവി പ്രധാനമന്ത്രിയായി തന്നെ തുടരാനാണ് രാഹുലിന്റെ വിധിയെന്നും മറ്റൊരു ട്രോൾ. അതേസമയം, തോറ്റെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചിരിപ്പിച്ച അൽഫോൺസ് കണ്ണന്താനത്തിന് സോഷ്യൽ മീഡിയയിൽ നന്ദി പറയാനും ചില വോട്ടർമാർ മറന്നില്ല.