ആലുവ: ലോകസഭ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരം നിലനിർത്തിയ സന്തോഷത്തിൽ ബി.ജെ.പിയും സംസ്ഥാനത്തെ സീറ്റുകൾ തൂത്തുവരിയ സന്തോഷത്തിൽ യു.ഡി.എഫും നഗരത്തിൽ ആഹ്ളാദപ്രകടനം നടത്തി മധുരം വിതരണം ചെയ്തു.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച ബെന്നി ബെഹനാനെ മാറമ്പിള്ളിയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിലേക്ക് സ്വീകരിച്ചാനയിക്കുകയായിരുന്നു. യു.ഡി.എഫ് ചെയർമാൻ എം.ഒ. ജോൺ, നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കൺവീനർ എം.കെ.എ. ലത്തഫ്, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണികൃഷ്ണൻ, എം.ജെ. ജോമി, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, പി.ജെ. സുനിൽകുമാർ, ഫാസിൽ ഹുസൈൻ, ജോസി പി. ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.
ബി.ജെ.പി നഗരത്തിൽ നടത്തിയ പ്രകടനത്തിന് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി. കൃഷ്ണദാസ്, രൂപേഷ് പൊയ്യാട്ട്, എ. സെന്തിൽകുമാർ, ശശി തുരുത്ത്, എ.സി. സന്തോഷ് കുമാർ, സജീവ് കുമാർ എന്നിവർ നേതൃത്വം നൽകി.