കൊച്ചി: ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് കള്ളം പറഞ്ഞ് 70കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ ഞാറക്കൽ കടപ്പുറം ഭാഗം മണപ്പുറത്തു വീട്ടിൽ ആനന്ദന് (40) എറണാകുളം അഡി. ജില്ലാ സെഷൻസ് കോടതി പത്ത് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പിഴയൊടുക്കിയാൽ തുക പീഡനത്തിനിരയായ വൃദ്ധക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
2016 ഏപ്രിൽ 28 നാണ് കേസിനാസ്പദമായ സംഭവം. വൃദ്ധയുടെ ഭർത്താവ് ഞാറക്കൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് മനസിലാക്കിയ പ്രതി ഭർത്താവിന് അസുഖം കൂടുതലായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെന്ന് വൃദ്ധയെ കണ്ടു പറഞ്ഞു. തുടർന്ന് ഇയാൾക്കൊപ്പം വൃദ്ധ എറണാകുളം ജനറൽ ആശുപത്രിയിലെത്തിയെങ്കിലും ഭർത്താവിനെ കണ്ടില്ല. തുടർന്ന് ഇവർ കളമശേരി മെഡിക്കൽ കോളേജിലേക്ക് പോയി. ഇവിടെയും ഭർത്താവിനെ എത്തിച്ചിട്ടില്ലെന്ന് മനസിലാക്കിയ വൃദ്ധയുമായി തിരിച്ചു പോകുമ്പോൾ പ്രതി ഇവരെ വലിച്ചിഴച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
വൃദ്ധക്ക് ബോധം നഷ്ടപ്പെട്ടതറിഞ്ഞ ആനന്ദൻ ഇവരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ബോധം വന്ന വൃദ്ധ റോഡിലെത്തി നാട്ടുകാരോടു പരാതി പറഞ്ഞതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെക്കുറിച്ച് വൃദ്ധക്കും അറിവുണ്ടായിരുന്നില്ല. പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലെയും കളമശേരി മെഡിക്കൽ കോളേജിലെയും സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.