തൃക്കാക്കര : അദ്ധ്യയനവർഷാരംഭമായതോടെ സ്‌കൂൾ വിപണിയിലും തിരക്കേറി. രക്ഷിതാക്കളുടെ കീശയും കാലിയായിക്കൊണ്ടിരിക്കുന്നു. പെൻസിൽ വില മുതൽ ഫീസുവരെ ഉയർന്ന സാഹചര്യത്തിൽ ഒരു കുട്ടിയെ സ്കൂളിൽ അയക്കാൻ പോലും മാതാപിതാക്കൾ പെടാപ്പാട് പെടുകയാണ്. അൺ എയ്ഡഡ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കൾ നെട്ടോട്ടത്തിലാണ്. ഇവിടങ്ങളിൽ സ്കൂളുകാർ നിശ്ചയിക്കുന്ന കനത്തഫീസും സ്പെഷ്യൽഫീസും നൽകണം. പുസ്തകങ്ങൾക്ക് അവർ നിശ്ചയിക്കുന്ന ഭീമമായ തുകയും നൽകണം. പലേടത്തും യൂണിഫോം മാറ്റൽ പതിവാണ്. അതും പുതിയത് വാങ്ങണം. ഇതൊക്കെ നിയന്ത്രിക്കാൻ അധികൃതരും ഇടപെടുന്നില്ല. നോട്ടുബുക്ക്, ബാഗ്, കുട, മഴക്കോട്ട്, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയ്‌ക്കെല്ലാം വിലകൂടി. അൺഎയ്ഡഡ് സ്‌കൂളുകളിൽ സ്‌പെഷ്യൽഫീസിനു പുറമെ സംഭാവനത്തുകകൂടി നൽകണം.
ഗവ, എയ് ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും എട്ടാംക്ളാസുവരെ സൗജന്യമായതിനാൽ പണം ലാഭിക്കാം. എന്നാലും വിപണിയിലെ മറ്റിനങ്ങളുടെ വിലക്കയറ്റത്തിൽനിന്ന് ഇവർക്കും മാറിനിൽക്കാനാവില്ല.
എല്ലാത്തിനും വിലക്കയറ്റം
റെയിൻകോട്ടിന് കുറഞ്ഞത് 750 രൂപ നൽകണം. കുടയ്ക്ക് 180 മുതൽ മുകളിലേക്കാണ് വില. ഇൻസ്ട്രുമെന്റ് ബോക്‌സ്, പെൻസിൽ, ഇറേസർ, പെൻസിൽ ഷാർപ്നർ, പേന തുടങ്ങിയവയ്‌ക്കെല്ലാം 50 പൈസ മുതൽ 20 രൂപവരെ വർദ്ധിച്ചു. യൂണിഫോം തുണികളുടെയും വിലകൂടി. സ്‌കൂൾബസ് ഫീസിലുമുണ്ട് വർദ്ധന. കുട്ടികളെ സ്‌കൂളിലെത്തിക്കാൻ ഓട്ടോ, ജീപ്പ് സൗകര്യങ്ങളെ ആശ്രയിക്കുന്നവർക്കും രക്ഷയില്ല. പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതനുസരിച്ച് വാഹന വാടകയിനത്തിലും നല്ലൊരു തുക കൂടുതൽ ഈടാക്കും.
സ്‌കൂൾബാഗുകൾക്കും വിലകൂടി
പ്രാദേശികമായി ബാഗുകൾ നിർമ്മിച്ച് വില്പനശാലകളിലേക്കു നൽകുന്ന സംഘങ്ങളുണ്ട്. ഇവരുണ്ടാക്കുന്ന ബാഗുകൾക്കുതന്നെ 350 മുതൽ 700 രൂപവരും. ബ്രാൻഡഡ് ബാഗുകൾക്ക് 500 മുതൽ 1200 രൂപവരെയുണ്ട്. ഇതിനു പുറമേ ടിഫിൻബാഗുകളും വാങ്ങണം. ഇവയ്ക്ക് വിലവർദ്ധനയുണ്ട്. വാട്ടർബോട്ടിലുകൾക്കും വിലക്കൂടുതലാണ്. സ്റ്റീലിന്റേതാണെങ്കിൽ കുറഞ്ഞത് നൂറ്റമ്പത് രൂപയാകും.