regha
പി.എസ്. സേതുനാഥനും രേഖമോളും ജസ്റ്റിസ് സിരിജഗനും അഡ്വ. സീമന്തിനി ശ്രീവത്സനുമൊപ്പം

ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി സേവിക സമാജത്തിലെ രണ്ട് യുവതികൾ കൂടി സുമംഗലികളായി. 20 വർഷമായി ഗിരിയുടെ സംരക്ഷണയിലായിരുന്ന രേഖമോളും 11 വർഷമായി ഗിരിയുടെ സംരക്ഷണയിലുള്ള അഞ്ജലി സുകുവുമാണ് വിവാഹിതരായത്.

കട്ടപ്പന കൂട്ടാർ പാലയ്ക്കൽ വീട്ടിൽ പി.എൻ. സുകുമാരന്റെയും പരേതയായ ലതയുടെയും മകൻ പി.എസ്. സേതുനാഥാണ് രേഖമോളെ ജീവിത സഖിയാക്കിയത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ അക്കൗണ്ടന്റാണ് രേഖ. സേതുനാഥ് ഇടപ്പള്ളിയിൽ ശ്രീരാം ഫൈനാൻസിസിലെ ജീവനക്കാരൻ. രേഖയുടെ ജേഷ്ഠസഹോദരിമാരായ സൗമ്യയും രമ്യയും ഗിരിയുടെ സംരക്ഷണയിലാണ് വളർന്നത്. ശ്രീനാരായണഗിരി ഗവ. എൽ.പി സ്കൂളിലെ അദ്ധ്യാപികയായ സൗമ്യയെ പറവൂരിലേക്ക് വിവാഹം ചെയ്തയച്ചതും അനുജത്തി രമ്യയെ വടക്കാഞ്ചേരിയിലേക്ക് വിവാഹം ചെയ്തയച്ചതും ശ്രീനാരായണ ഗിരി അധികൃതരാണ്.

കീഴ്മാട് അമ്പാട്ടുകുഴി വീട്ടിൽ ഗോപിയുടെയും രാധയുടെയും മകൻ രതീഷ് ആണ് അഞ്ജലിയെ താലികെട്ടിയത്. സമാജത്തിന് കീഴിലുള്ള പ്രിന്റിംഗ് പ്രസിലെ ജീവനക്കാരിയാണ് അഞ്ജലി. കീഴ്മാട് കേബിൾ ടി.വി ടെക്നീഷ്യനാണ് രതീഷ്.

ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റായ കോതാട് കോരമ്പാടം നടുവിലേപ്പറമ്പിൽ എൻ.കെ. ബൈജു മൂത്തമകന്റെ വിവാഹത്തോടനുബന്ധിച്ചാണ് അഞ്ജലിക്ക് മംഗല്യസൗഭാഗ്യമൊരുക്കിയത്. ഒരു ലക്ഷം രൂപയുടെ സ്വർണവും വധുവിന്റെ പേരിൽ ഒരു ലക്ഷം രൂപ സ്ഥിരനിക്ഷേപവും സമ്മാനിച്ചു. ജസ്റ്റിസ് കെ. സുകുമാരൻ, ജസ്റ്റിസ് കെ.കെ. ഉഷ, ജസ്റ്റിസ് സിരിജഗൻ, അഡ്വ. സീമന്തിനി ശ്രീവത്സൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ വധൂവരന്മാരെ ആശീർവദിക്കാനെത്തിയിരുന്നു.

സഹോദരൻ അയ്യപ്പന്റെയും പാർവ്വതി അയ്യപ്പന്റെയും നേതൃത്വത്തിൽ വനിതകൾക്കായി സ്ഥാപിതമായ ശ്രീനാരായണ ഗിരിയിൽ ഇതുവരെ 68 പേരുടെ വിവാഹം നടന്നിട്ടുണ്ട്.