പറവൂർ : ഹോമിയോ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടുന്നു. ഒട്ടുമിക്ക സെന്ററുകളിലും ഡോക്ടർ, ഫാർമസിസ്റ്റ്, ക്ലർക്ക് എന്നിവരുടെ കുറവുണ്ട്. പ്രൈമറി ഹെൽത്ത് സെന്ററുകളിൽ നിലവിൽ ക്ലർക്കില്ലാത്തതിനാൽ പരിശോധനയ്ക്കു ശേഷം ഈ പണിയും കൂടി ഡോക്ടർമാരാണ് നടത്തുന്നത്. ദിനംപ്രതി 100 മുതൽ 150 പേർ വരെയാണ് പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ചികിത്സ തേടിയെത്തുന്നത്. രാവിലെ 9 മുതൽ 2 മണി വരെയാണ് പരിശോധന സമയം. രോഗികളുടെ തിരക്കനുസരിച്ച് സ്റ്റാഫ് പാറ്റേണിലും മാറ്റം വരുത്തണമെന്ന് സർവീസ് സംഘടനകൾ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പലവട്ടം പെടുത്തിയിട്ടും നടപടിയൊന്നു ഉണ്ടായിട്ടില്ല. പ്രൈമറി ഹെൽത്ത് സെൻററുകളിൽ നിലവിൽ ഒരു ഡോക്ടറും, ഫാർമസിസ്റ്റം ഉൾപ്പെടെ മൂന്ന് ജീവനക്കാർ മാത്രമാണുള്ളത്. ഡോക്ടർക്ക് ലീവെടുക്കണമെങ്കിൽ പകരം താലൂക്കിലെ ഏതെങ്കിലും പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർക്ക് ചുമതല നൽകും. പരസ്പര സഹകരണത്തോടെയാണ് ഡോക്ടർമാർ ലീവെടുക്കുന്നത്. ഫാർമസിസ്റ്റ് ലീവെടുത്താൽ രോഗികൾ വലയും. ചീട്ടെഴുതാനിരിക്കുന്ന ജീവനക്കാർ തന്നെ മരുന്നും എടുത്ത് കൊടുക്കണം. ഇതുമൂലം രോഗികൾ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ട സ്ഥിതിയുണ്ടാകുന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ ദൈനംദിന കാര്യങ്ങൾ ഓൺലൈനായി ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കണം. പ്രൈമറി ഹെൽത്ത് സെന്ററുകൾക്കായി താലൂക്ക് ഹോമിയോ ആശുപത്രികൾ കേന്ദ്രീകരിച്ച് രണ്ട് ഡോകടർമാർ, രണ്ട് ഫാർമാസിസ്റ്റ്, രണ്ട് ക്ലർക്കുമാർ എന്നീ ക്രമത്തിൽ നിയമിക്കുകയാണെങ്കിൽ പ്രൈമറി ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും പറയുന്നത്.