mytheen

മൂവാറ്റുപുഴ: വേനൽ മഴയ്ക്കൊപ്പം ആ‌ഞ്ഞുവീശിയ ചുഴലിക്കാറ്റ് മൂവാറ്റുപുഴയിൽ നാശം വിതച്ചു. വ്യാഴാഴ്ച വെെകിട്ടോടെ ആഞ്ഞുവീശിയ കാറ്റിൽ മൂവാറ്റുപുഴ, പെരുമറ്റം, പുന്നമറ്റം, കടുംപിടി, ആട്ടായം, കിഴക്കേകടവ്, നിരപ്പ് , ഒഴുപാറ, വെസ്റ്റ് മുളവൂർ, മുളവൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്.

മൂവാറ്റുപുഴ ഹിറമസ്ജിദിന്റെ ചാർത്ത് കാറ്റിൽ പറന്നുപോയി. സമീപ പ്രദേശങ്ങളിലും വ്യാപകമായി കാറ്റ് നാശം വിതച്ചു. പുന്നമറ്റം പെരുമറ്റം, കടുംപിടി ഭാഗത്ത് കാറ്റിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. കടുംപിടിയിലെ ഫിലിപ്പിന്റെ റബർ മരങ്ങൾ ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പ്രദേശത്തെ വെെദ്യുതി വിതരണം താറുമാറായി. റബർ, വാഴ, പെെനാപ്പിൾ, പച്ചക്കറി കൃഷി അടക്കം കാറ്റിൽ നശിച്ചു. ആട്ടായം, നിരപ്പ്, മുളവൂർ പ്രദേശങ്ങളിലാണ് കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. നിരപ്പിൽ മരം വീണ് വീടുതകർന്നു.

ആട്ടായം മുളവൂർ റോഡിൽ ആറ് സ്ഥലങ്ങളിൽ മരംവീണ് ഗതഗതം തടസപ്പെട്ടു. മൂളവൂരിലും വ്യാപകമായ നാശനഷ്ടമുണ്ടായി. കാരിക്കുഴിയിൽ മെെതീന്റെ കുലച്ച 48 ഏത്തവാഴകളും നെല്ലിമറ്റം അജിംസിന്റെ പത്തോളം കുലച്ച ഞാലിപ്പൂവൻ വാഴക്കുലകളും കാറ്റിൽ നിലംപൊത്തി. പുളിക്കകുടി ഇബ്രാഹിമിന്റെ പ്ലാവ്, തേക്ക് അടക്കമുള്ള മരങ്ങൾ നിലംപൊത്തി. പ്രദേശത്ത് റബർ, ജാതി, കപ്പ , പച്ചക്കറിക്കൃഷികൾ അടക്കം നശിച്ചു. നിരവധി സ്ഥലങ്ങളിൽ റോഡിലേക്ക് മരംവീണ് ഗതാഗതം തടസപ്പെട്ടു.

മരം വീണ് നൂറുണക്കിന് ഇലക്ട്രിക് പോസ്റ്റുകളാണ് നിലംപൊത്തിയത്. പ്രദേശത്ത് വ്യാഴാഴ്ച വെെകിട്ടോടെ തകരാറിലായ വെെദ്യുതി ബന്ധം ഇന്നലെയും പുന:സ്ഥാപിക്കാനായിട്ടില്ല. മൂവാറ്റുപുഴ ഫയർസ്റ്റേഷൻ ഓഫീസർ ജോൺ ജി പ്ലാക്കലിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി പല സ്ഥലങ്ങളിലും ഗതാഗതം പുന:സ്ഥാപിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ രാത്രി വെെകിയും വെെദ്യുതി വിതരണം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലായിരുന്നു.