പറവൂർ: പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ അടക്കം 24 മണിക്കൂറും സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മാളവന സ്വദേശി നിഷാദ് ശോഭനനാണ് പരാതി നൽകിയത്. ഈമാസം 30ന് കളമശ്ശേരി റസ്റ്റ്ഹൗസിൽ നടത്തുന്ന അടുത്ത സിറ്റിങ്ങിൽ ഹാജരാകാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാറക്കടവ് ബ്ളോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയിൽ 48 കിടക്കകളുണ്ടെന്നും ഒ.പി യും ഐ.പി യും പ്രവർത്തിക്കുന്നുണ്ടെന്നും മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. താലൂക്ക് ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ട പശ്ചാത്തല - ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് .സർക്കാർ നയ തീരുമാനങ്ങൾ അനുസരിച്ച് ജീവനക്കാരുടെ തസ്തികകൾ നികത്തിയാലേ 24 മണിക്കൂറ്റം ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നത് സാമൂഹിക ആരോഗ്യ കേന്ദ്രമായും പിന്നീട് താലൂക്ക് ആശുപത്രിയായും ഉയർത്തിയെങ്കിലും രോഗികൾക്ക് കിട്ടുന്ന ചികിത്സാ സൗകര്യങ്ങൾ പരിമിതമാണ്.