കൊച്ചി:ചില്ലറ തോൽവിയൊന്നുമല്ല പി.രാജീവ് നേരിട്ടത്. ഹൈബി ഈഡന്റെ അമ്പരിപ്പിക്കുന്ന ഭൂരിപക്ഷം പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. ചെങ്കൊടികൾ വിജയതിലകമായി ഉയർന്നിട്ടുള്ള എറണാകുളത്ത് ജനകീയനായ നേതാവിന്റെ അടിതെറ്റിയുള്ള വീഴ്ച പാർട്ടിയെ തെല്ലൊന്നുമല്ല അലസോരപ്പെടുത്തുന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളത്തെ ജനകീയൻ. രാജ്യസഭാംഗമായിരുന്നപ്പോൾ ജനകീയ അടിത്തട വിപുലപ്പെടുത്തി. പ്രചാരണയോഗങ്ങളിലെ ആൾക്കൂട്ടവും സ്വീകരണവും. ഈ ഘടകങ്ങളൊന്നും വോട്ടാകാതിരുന്നത് എങ്ങനെയെന്ന ചോദ്യത്തിനാണ് പാർട്ടി മറുപടി തേടുന്നത്. പാർട്ടിയുടെ കോട്ടകളിൽ പോലും വെള്ളിടിയായി ഹൈബി കടന്നു കയറിയപ്പോൾ സമീപകാലത്തൊന്നുമേൽക്കാത്ത പരാജയം എറണാകുളത്ത് പാർട്ടിക്ക് രുചിക്കേണ്ടി വന്നു.
പ്രചാരണം അവസാനിച്ചപ്പോൾ ഹൈബി മേൽകൈ നേടുമെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. എന്നാൽ, 1,69,153 വോട്ടുകളുടെ ഭൂരിപക്ഷം എല്ലാ പ്രതീക്ഷകളും തകർത്തു കളഞ്ഞു.പാർട്ടിയുടെ സ്വാധീന മണ്ഡലങ്ങളായ തൃപ്പൂണിത്തുറ, വൈപ്പിൻ, കൊച്ചി, പറവൂർ മേഖലകളിൽ നേരിട്ട വൻ തിരിച്ചടികളെക്കുറിച്ച് ചർച്ചകൾ സജീവമായി. വിഭാഗീയത കൊടികുത്തി വാഴ്ന്ന എറണാകുളത്ത് അതിനു അറുതി വരുത്തിയത് പി.രാജീവ് ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴത്തെ ഇടപെടലുകളാണ്.ഇതിനായി എടുത്ത കടുത്ത നിലപാടുകൾ ചിലർ പ്രചാരണരംഗത്തു നിന്ന് ഉൾവലിയാൻ ഇടയാക്കിയോയെന്നും പരിശോധിക്കും.
സംസ്ഥാന കമ്മിറ്റിയംഗമായ എം.സ്വരാജ് എം.എൽ.എയായ തൃപ്പൂണിത്തുറയിൽ 19227 വോട്ടുകൾക്കാണ് രാജീവ് പിന്നിലായത്. എസ്.ശർമ എം.എൽ.എയായ വൈപ്പിനിൽ 23,241 വോട്ടുകളായിരുന്നു ഹൈബിയുടെ ഭൂരിപക്ഷം. കളമശേരിയിലെ സ്വന്തം ബൂത്തിലും 208 വോട്ടുകൾക്ക് രാജീവ് പിന്നാക്കം പോയി.
സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗത്തിൽ എല്ലാ തകർന്നില്ലേ എന്ന വ്യാഖ്യാനം ചിലർ ഉയർത്തുന്നുണ്ടെങ്കിലും എറണാകുളത്ത് അതുകൂടാതെയുള്ള ചലനങ്ങൾ ഉണ്ടായെന്ന് വ്യക്തം. ശബരിമല വിഷയത്തിൽ സവർണ വോട്ടുകൾ കൈവിട്ടുപോയെന്നായിരുന്നു ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം. കരുത്തനായ രാജീവിനെ മണ്ഡലത്തിലിറക്കിയ പാർട്ടിക്കു മുന്നിൽ വിജയം മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ, എട്ടുനിലയിൽ പൊട്ടിയതോടെ താത്വികമായ അവലോകനമല്ല തലനാരിഴ കീറിയുള്ള പരിശോധനയാണ് നടക്കുക.