കിഴക്കമ്പലം: നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മനയ്ക്കക്കടവ് പാലം അപകടത്തിൽ. കുന്നത്തുനാട് - തൃക്കാക്കര നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 30 വർഷത്തിലേറെ പഴക്കമുണ്ട്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും അമിതഭാരം കയറ്റുന്ന ടോറസ് വാഹനങ്ങളുൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കയറിയിറങ്ങുന്ന പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് നാളുകളേറെയായി. 1986ലാണ് പാലം നിർമ്മിച്ചത്.
പാലത്തിന്റെ മേൽഭാഗത്തെ ടാർ ഇളകി പലയിടത്തും കുഴി രൂപപ്പെട്ടിട്ടുണ്ട്. കൈവരികൾ പലപ്പോഴായി വാഹനങ്ങളുടെ ഇടിയേറ്റ് തകർന്ന നിലയിലാണ്. വലിയ അപകടം ഉണ്ടാകുന്നതിന് മുമ്പായി ബലക്ഷയ പരിശോധന നടത്തുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം .