കോതമംഗലം: അപ്രതീക്ഷിതമായി പെയ്ത മഴയിലും ശക്തമായ കാറ്റിലും പന്തപ്ര ആദിവാസി ഊരിൽ നിരവധി വീടുകൾക്ക് മുകളിൽ മരം മറിഞ്ഞ് വീണ് വൻ നാശനഷ്ടം. പലരും കഷ്ടിച്ച് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് ശക്തമായ കാറ്റ് വീശിയത്. തേക്ക് പ്ലാന്റേഷനിൽ വൻ മരങ്ങൾക്ക് നടുവിൽ പണിതിട്ടുള്ള ഓലയും ഷീറ്റും മേഞ്ഞ വീടുകൾക്ക് മുകളിലേക്കാണ് തേക്ക് മരങ്ങൾ മറിഞ്ഞുവീണത്. ഊരിലെ രാമൻ സൂര്യൻ, ബാബുചന്ദ്രൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. നടക്കാൻ ശേഷിയില്ലാത്ത രാമൻ സൂര്യന്റെ ഭാര്യയെ മഴ ശക്തമാകുമെന്ന് തോന്നിയപ്പോൾ അടുത്ത വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനാൽ ദുരന്തം ഒഴിവായി.
വർഷങ്ങളായി ആനശല്യം ഉള്ള സ്ഥലത്ത് താമസിച്ചിരുന്ന ഇവരെ പന്തപ്രയിലേക്ക് മാറ്റി താമസിപ്പിക്കുമ്പോൾ തേക്ക് മരങ്ങൾ മുറിച്ച് മാറ്റാമെന്ന് ഉറപ്പ് കൊടുത്തിരുന്നതായി ഊര് മൂപ്പൻ പറയുന്നു. എന്നാൽ വനം വകുപ്പ് ഇതിന് വേണ്ട നടപടികൾ എടുക്കുന്നില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ പറഞ്ഞു.