പെരുമ്പാവൂർ: ലക്ഷ്മി ആയുർവേദ സ്റ്റോറിന്റെയും കീഴില്ലം മർച്ചന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ വൈദ്യരത്‌നം ഔഷധശാലയുടെ (തൈക്കാട്ട് മൂസ്) സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 26 ന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നവജീവൻ കവലയിൽ (ഷാപ്പുംപടി) അരികുപുറത്ത് സ്‌ക്വയർ കോംപ്ലക്‌സിൽ വച്ച് നടക്കും. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ടി. ജ്യോതിഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. സഞ്ജീവ് നായർ , ഡോ. കാർത്തിക എസ്.നായർ എന്നിവർ നേതൃത്വം നൽകും. സന്ധിവേദന, കാൽമുട്ട് വേദന, നടുവേദന, ഉപ്പൂറ്റി വേദന, കഴുത്ത്/ തോൾ വേദനകൾ, നട്ടെല്ല് തേയ്മാനം എന്നീ രോഗങ്ങൾക്കാണ് പരിശോധന നടക്കുന്നത്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകൾ സൗജന്യമായി നൽകും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.വി. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജോജി തോമസ്, ശോഭന ഉണ്ണി, മേരി അനിൽ എന്നിവർ സംസാരിക്കും.