കൊച്ചി: നേപ്പാളിൽ നിന്നും പതിമൂന്ന‌് കോടിയുടെ ചരസ‌് എത്തിക്കാൻ വർഗീസ‌് ജൂഡ‌്സണ‌് സഹായം നൽകിയത‌് വരാണസിയിലെ സുഹൃത്തായിരുന്നുവെന്ന‌് എക‌്സൈസ‌് കണ്ടെത്തി. മലയാളിയായ ഇയാൾക്കായി അന്വേഷണം തുടങ്ങി. വർഗീസിനെ കസ‌്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി എറണാകുളം സെഷൻസ‌് കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
നേപ്പാളിന്റെ അതിർത്തിയോട‌് ചേർന്നുള്ള ഉത്തർപ്രദേശിലെ കുശിനഗരത്തിലെത്തിയാണ‌് വർഗീസ‌് ചരസ‌് വാങ്ങിയിരുന്നത‌്. ഇവിടെ വരയെത്തിയശേഷം ഏജന്റ‌് വഴിയാണ‌് നേപ്പാളിൽ നിന്നും ചരസ‌് കൊണ്ടുവരുന്നത‌്.
ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വർഗീസ‌് നാലുമാസം മുമ്പാണ‌് ചരസ‌് വ്യാപാരത്തിലേക്ക‌് തിരിഞ്ഞത‌്. ആദ്യം നേപ്പാളിൽ നിന്നും തോക്ക‌് വാങ്ങി. തുടർന്ന‌് ചെറിയ അളവിൽ ചരസ‌് വാങ്ങി കേരളത്തിൽ വിറ്റപ്പോൾ രണ്ട‌് ലക്ഷം രൂപ ലാഭം കിട്ടി. ഈ തുകയും ചേർത്താണ‌് 10.5 കിലോ ചരസ‌് വാങ്ങിയത‌്. നേപ്പാളിൽ നിന്നും കിലോയ‌്ക്ക‌് 20,000 രൂപയ‌്ക്കാണ‌് ചരസ‌് വാങ്ങിയിരുന്നത‌്. പത്ത‌് മുതൽ 15 ലക്ഷം രൂപവരെയാണ‌് ഇതിന്റെ മൊത്തവില ഈടാക്കിയിരുന്നത‌്.
വർഗീസ‌് തനിച്ചാണ‌് ചരസ‌് ഇടപാട‌് നടത്തിയിരുന്നതെന്നാണ‌് എക‌്സൈസ‌് കണ്ടെത്തൽ. വരാണസിയിലെ സുഹൃത്ത‌് വഴികാട്ടിമാത്രമായിരുന്നു. വർഗീസിനെ കസ‌്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന‌് എക‌്സൈസ‌് വ്യക്തമാക്കി. ഇക്കഴിഞ്ഞ ബുധനാഴ‌്ചയാണ‌് എക‌്സൈസ‌് സംഘം വർഗീസിനെ പിടികൂടിയത‌്. വർഗീസിനെ ചോദ്യം ചെയ‌്ത ശേഷമെ നേപ്പാളിലേക്ക‌് അന്വേഷണം വ്യാപിപ്പിക്കുകയുള്ളുവെന്ന‌് അസിസ‌്റ്റന്റ‌് എക‌്സൈസ‌് കമ്മിഷണർ ടി.എ.അശോക‌്കുമാർ പറഞ്ഞു.